sherin-mathew-wesley-murder

‘പാലു കുടിക്കുമ്പോൾ ശ്വാസം മുട്ടിയാണ് അവൾ മരിച്ചത്. ഇക്കാര്യം നഴ്സായ ഭാര്യയോട് പറയാൻ ഭയമായിരുന്നു.  ശക്തമായി പ്രാർഥിച്ചാൽ കുഞ്ഞ് ഉയിർത്തെഴുന്നേൽക്കുമെന്ന് ‌‍ഞാൻ വിശ്വസിച്ചു. പക്ഷേ അതിന് കഴിഞ്ഞില്ല. പിന്നീട് മൃതദേഹം ഒളിപ്പിക്കാൻ തീരുമാനിച്ചു. അവളുടെ മൃതദേഹവുമായി ആ  കലുങ്കിനകത്തേക്ക് കയറിയപ്പോൾ അവിടുള്ള വിഷമുള്ള പാമ്പുകൾ എന്നെ കടിക്കണമെന്ന് ഒരു നിമിഷം ‍ഞാൻ ആഗ്രഹിച്ചു.’ ഇൗ തുറന്നുപറച്ചിലുകളെല്ലാം എതിർഭാഗം നിഷേധിച്ചു. ഒടുവിൽ കോടതി വിധി എത്തി. ദത്തുപുത്രി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട കേസിൽ വളർത്തച്ഛൻ വെസ്‍ലി മാത്യൂസിന് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് പോലും അര്‍ഹതയുണ്ടാവൂവെന്നും കോടതി വിധിച്ചു. രാജ്യം തന്നെ ചർച്ച ചെയ്ത വിഷയമായിരുന്നു ഷെറിന്റെ മരണം.

ഏറെ ദുരൂഹതകൾക്കൊടുവിലാണ് പൊലീസ് സത്യം പുറത്തു കൊണ്ടുവരുന്നത്. കോടതിയിൽ വെസ്‍ലി പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന വാദമാണ് എതിർഭാഗം ഉയർത്തിയത്. കൃത്യമായി തെളിവുകൾ സഹിതം ഇതു തെളിയിക്കാനും സാധിച്ചു. ഗാരേജിൽ വച്ച് പാലു കുടിക്കാൻ നിർബന്ധിക്കുന്നതിനിടെ തന്റെ ശബ്ദം ഉയർന്നു. ഇതു കേട്ടു ഭയന്ന കുഞ്ഞിനു പെട്ടെന്നു ശ്വാസ തടസമുണ്ടായെന്നും അബോധാവസ്ഥയിലായെന്നും വെസ്‍ലി പറയുന്നത്. ഉടനെ സിപിആർ കൊടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഭയംകൊണ്ട് 911ൽ വിളിക്കുന്നതിനും സാധിച്ചില്ല. 

ഭാര്യ സിനിയോ സ്വന്തം കുഞ്ഞോ ഷെറിന്റെ മൃതദേഹം കാണുമോ എന്ന് ഭയപ്പെട്ടു. സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസ് ഇടപെടുമോ എന്നും ഭയന്നു. അതുകൊണ്ടാണ് എല്ലാം ഒറ്റയ്ക്ക് ചെയ്തത്. എന്നാൽ ഇൗ വാദങ്ങൾ പച്ചക്കള്ളമാണെന്നായിരുന്നു പ്രോസിക്യൂട്ടർമാർ വാദിച്ചത്. മകളെ കാണാതായി തിരച്ചിൽ നടക്കുമ്പോഴെല്ലാം വെസ്‍ലി ശാന്തനായിരുന്നു. മാത്യൂസിനെ കണ്ടപ്പോൾ മുതൽ തനിക്ക് സംശയമുണ്ടായിരുന്നെന്ന് റിച്ചാർഡ്സൺ അന്വേഷണ ഉദ്യോഗസ്ഥൻ വിക്ടർ ഡയസ് കോടതിയിൽ പറഞ്ഞു. അദ്ദേഹം തിരച്ചിലിന് സഹായിക്കുന്നതിനു പകരം തങ്ങളെ പിന്തുടരുന്നതായാണ് തോന്നിയത്. കുഞ്ഞിനെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്യാൻ വെസ്‍‍ലി അഞ്ചു മണിക്കൂറെടുത്തു. അതും 911ലേയ്ക്ക് വിളിക്കുന്നതിനു പകരം ഡിപ്പാർട്മെന്റിന്റെ അത്ര അടിയന്തരമല്ലാത്ത ലൈനിലേയ്ക്കാണ് വിളിച്ചത്. ഒരാളെ കാണാതായ കേസിൽ ഇങ്ങനെ ആരും ചെയ്യാറില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

ഷെറിൻ മരിച്ചത് എങ്ങനെയെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ശരിയായ രീതിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് സാധിച്ചിട്ടില്ല. കു‍ഞ്ഞ് പാലു കുടിക്കുമ്പോൾ ശ്വാസംമുട്ടി മരിക്കാൻ സാധ്യതയില്ലെന്നും ഇത് കൊലപാതകമാണെന്നും ഫൊറൻസിക് പരിശോധകൻ സാക്ഷ്യപ്പെടുത്തിയതാണെന്നും പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു.

2017 ഒക്ടോബർ ഏഴിനാണ് മൂന്നുവയസുകാരി ഷെറിൻ മാത്യൂസിനെ കാണാതായത്. ബിഹാറിലെ നളന്ദയിൽ ശിശുസംരക്ഷണ കേന്ദ്രത്തിൽനിന്ന് ദത്തെടുത്തതായിരുന്നു ഷെറിൻ മാത്യൂസിനെ.കേസിൽ വെസ്‍ലിയുടെ ഭാര്യയും വളർത്തമ്മയുമായ സിനി മാത്യൂസിനെ കോടതി വെറുതെ വിട്ടിരുന്നു.