തൂത്തുകുടി ചെമ്പ് സംസ്കരണ ഫാക്ടറി വിരുദ്ധ സമര നായകന്‍ മുകിലനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതില്‍ അടിമുടി ദുരൂഹത. കാണാതായി 141 ദിവസങ്ങള്‍ക്കുശേഷം തിരുപ്പതി റയില്‍വേ സ്റ്റേഷനില്‍ മുകിലന്‍ പ്രത്യക്ഷപെട്ടതിലാണ് പൊതുപ്രവര്‍ത്തകര്‍ ദുരുഹത ആരോപിക്കുന്നത്. അതിനിടെ കോടതിയില്‍ ഹാജരാക്കിയ മുകിലനെ റിമാന്‍ഡ് ചെയ്തു.
തൂത്തുകുടിയില്‍ 13 പേരുടെ മരണത്തിനിടെയാക്കിയ വെടിവെയ്പ്പ് പൊലിസ് മനപ്പൂര്‍വം നടത്തിയതാണെന്നതിന്റെ തെളിവു പുറത്തുവിട്ടതിനു പിറകെയാണ് മുകിലനെ കാണാതായത്. സര്‍ക്കാരിനെയും വേദാന്ത കമ്പനിയെയും പ്രതിരോധത്തിലാക്കിയ തെളിവു പുറത്തുകൊണ്ടുവന്നയാളെ പൊലിസ് പിടികൂടിയതാണെന്ന് അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. ഹെബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ സി.ബി.സി..ഐഡി അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം മുകിലനെ തിരുപ്പതിയില്‍ നാടകീയമായി കണ്ടെത്തി.
കാണാതായി 44 ദിവസത്തിനു ശേഷം സഹപ്രവര്‍ത്തക നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുകിലന്റെ ഭാര്യയുടെയും മകന്റെയും ഫോണ്‍ കോളുകളെ പിന്തുടര്‍ന്ന് പൊലീസ് തിരുപ്പതിയിലെത്തിയെന്നും ഇതു മനസിലാക്കി ഇയാള്‍ റയില്‍വേ സ്റ്റേഷനിലെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.എന്നാല്‍ തന്നെ തട്ടികൊണ്ടുപോയി മര്‍ദിച്ചതായി കസ്റ്റഡിയിലിരിക്കെ മുകിലന്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു. ആരാണ് തട്ടികൊണ്ടുപോയതെന്നതിന് പൊലിസിനും മറുപടിയില്ല. അതിനിടെ പീഡനക്കേസില്‍ മുകിലനെ എഗ്മൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.