vadattupara-29-07

കേരളവും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കോതമംഗലത്തിനടുത്തെ സ്ഥലമാണ് വടാട്ടുപാറ. ഇവിടുത്തെ നാട്ടുകാരെ ഇപ്പോൾ അലട്ടുന്നത് മേരിയുടെ കൊലപാതകമാണ്. ജൂലൈ മൂന്നിനാണ് വടാട്ടുപറ പണ്ടാര സിറ്റിക്ക് സമീപം കുറിഞ്ചിലിക്കാട്ട് മാത്യുവിന്റെ ഭാര്യ മേരി (60)  കൊല്ലപ്പെട്ടത്. 

 

സ്വന്തം പുരയിടത്തിൽ റബർ പാൽ ശേഖരിക്കുമ്പോഴാണ് മേരി കൊല്ലപ്പെട്ടത്. വീടിന്റെ പിറകുവശത്ത് റബർ തോട്ടത്തിലാണ്  രാവിലെ 11ന് മൃതദേഹം കണ്ടത്. ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.

 

റബർ പാൽ എടുക്കാൻ പോയ മേരി മടങ്ങി വരാൻ വൈകിയപ്പോൾ അന്വേഷിച്ച് ചെന്ന ഭർത്താവാണ് മേരി വീണു കിടക്കുന്നത് കണ്ടത്. സംഭവത്തിൽ അയൽവാസിയായ കരിവള്ളിൽ മുഹമ്മദിനെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസികളുടെ മൊഴിയാണ് മുഹമ്മദിനെ കുടുക്കിയത്. അതിരാവിലെ മേരിയുടെ കയ്യിൽ നിന്നു കാപ്പിയും വാങ്ങി കുടിച്ചാണ് മുഹമ്മദ് ഈ ക്രൂരകൃത്യം ചെയ്തത്. 

 

മുഹമ്മദിനെ മേരിയുടെ ഭർത്താവിനോ ബന്ധുക്കൾക്കോ ആദ്യം സംശയം ഉണ്ടായിരുന്നില്ല. ഒന്നിനും വേണ്ടിയും തർക്കിക്കാത്ത, പണത്തിനു വേണ്ടി വാശി പിടിക്കാത്ത, മിതഭാഷിയായ മുഹമ്മദ് മേരിയുടെ ഘാതകനാകുമെന്ന് ആ കുടുംബം സ്വപ്നത്തിൽ പോലും കരുതിയില്ല

 

മുഹമ്മദിനെ ചോദ്യം ചെയ്ത പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്ത്രീയെ കൊന്നാൽ പുണ്യം ലഭിക്കുമെന്നായിരുന്നു മുഹമ്മദ് പൊലീസിനോട് പറഞ്ഞത്. വർഷങ്ങളായി മേരിയുടെ വീട്ടിൽ റബർ ടാപ്പ് ചെയ്തിരുന്നത് മുഹമ്മദായിരുന്നു. രാത്രി ഏറെ വൈകിയും ഇയാൾ ടാപ്പ് ചെയ്യാൻ എത്തുമായിരുന്നു. ഒരു പ്രകോപനവും ഉണ്ടായിരുന്നില്ല, തനിക്ക് മാന്ത്രികവിദ്യ കിട്ടാൻ ഒരു സ്ത്രീയുടെ രക്തം ആവശ്യമായിരുന്നു എന്നായിരുന്നു മുഹമ്മദിന്റെ മൊഴി. 

 

മേരി സ്ഥിരമായി റബർ പാൽ ശേഖരിക്കാൻ പോകുന്നയിടത്ത് മറഞ്ഞ് നിന്ന് കഴുത്തിൽ പുറകിൽ നിന്നു കുത്തിയാണ് മരണം ഉറപ്പാക്കിയത്. ഒന്നു പിടയാനോ ഉച്ചത്തിൽ കരയാനോ പോലും കഴിയാതെ വൈകാതെ തന്നെ രക്തം വാർന്ന് മരണം സംഭവിച്ചു.

 

മലപ്പുറം സ്വദേശിയാണ് മുഹമ്മദ്. വര്‍ഷങ്ങൾക്ക് മുൻപ് വടാട്ടുപാറയിലെത്തി ഇവിടെ താമസമാക്കിയയാൾ. ഇയാളെക്കുറിച്ച് കൂടുതലൊന്നും നാട്ടുകാർക്ക് അറിയില്ല. 

 

മുഹമ്മദിന് മന്ത്രവാദവും കൂടോത്രവും ഉണ്ടായിരുന്നതായി അയൽവാസികൾ െപാലീസിന് മൊഴി നൽകിയിരുന്നു. പത്തും പന്ത്രണ്ട് ദിവസങ്ങൾ ഇയാൾ വീട്ടിൽ നിന്ന് മാറി നിന്നിരുന്നതായി നാട്ടുകാർ മൊഴി നൽകി. പ്രത്യേകതരം സ്വഭാവസവിശേഷതകൾ ഇയാൾ പ്രകടിപ്പിച്ചിരുന്നതായും പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. ദിവസങ്ങളോളം ഇയാൾ മിണ്ടാവ്രതം അനുഷ്ടിച്ചിരുന്നതായും പറയുന്നു.

 

വാഹനമോ മൊബൈൽ ഫോണോ ഉപയോഗിക്കാത്ത മുഹമ്മദ് സംഭവത്തിനു ശേഷം ഓട്ടോറിക്ഷയിൽ കോതമംഗലത്ത് പോയി തിരികെ ബസിൽ വരുമ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുത്താൻ ഉപയോഗിച്ച് കത്തിയും പിടിയിലാകുമ്പോൾ ഇയാളുടെ കൈയിൽ ഉണ്ടായിരുന്നു.