college-atatck

വയനാട് ബത്തേരി ഡോണ്‍ ബോസ്കോ കോളേജ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ എസ്എഫ്ഐ നേതാക്കളോട് 6.92 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. അക്രമം നടത്തിയ പതിമൂന്ന് പേരില്‍ നിന്നും തുകയീടാക്കാനാണ് ബത്തേരി സബ് കോടതിയുടെ വിധി. 

2017 ജൂലൈ 11നായിരുന്നു ഡോണ്‍ ബോസ്കോ കോളജില്‍ എസ്എഫ്ഐ അക്രമം.എസ്എഫ്ഐക്കാരനായ വിദ്യാര്‍ഥിയെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനെതിരെ നടത്തിയ സമരപരിപാടികളാണ് അക്രമത്തിലെത്തിയത്. കംപ്യൂട്ടറുകളും ഫർണീച്ചറുകളുമടക്കം നൂറുകണക്കിന്  വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. നഷ്ടപരിഹാരം അക്രമം നടത്തിയവരിൽ നിന്ന് ഈടാക്കിത്തരണമെന്നാശ്യപ്പെട്ട് മാനേജുമെന്റ് കോടതിയെ സമീപിച്ചിരുന്നു.

കോടതി നിയോഗിച്ച കമ്മിഷൻ കോളജിലെത്തി നഷ്ടപരിഹാരം വിലയിരുത്തി. 6.92 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാനാണ് വിധി. 29 പേരാണ് കേസില്‍ പ്രതികള്‍. ഇതിന്‍ പതിമൂന്നു പേരാണ് ഇത്രയും തുക നല്‍കേണ്ടത്. വിധിയില്‍ സന്തോഷമുണ്ടെന്ന് കോളേജധികൃതര്‍ പ്രതികരിച്ചു. കോളജ് അക്രമിച്ച സംഭവത്തിൽ ബത്തേരി പൊലീസ് സ്വമേധയയെടുത്ത ക്രിമിനൽ കേസ് ഇപ്പോഴും കോടതിയിലുണ്ട്. 21 പ്രതികളാണ് ഇതിലുള്ളത്.