paul-muthoot-case-murder

കേരളം നടുങ്ങിയ കൊലപാതകം. കഥകൾ ഒട്ടേറെ പ്രചരിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് പോലെ അതിസമ്പന്നരായ സംഘത്തിലെ പ്രധാനിയെ റോഡരികിൽ ഗുണ്ടാസംഘം കുത്തിക്കൊല്ലുക. അതും കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പോളിെനാപ്പം വണ്ടിയിൽ ഉണ്ടായിരുന്നപ്പോൾ തന്നെ. വർഷങ്ങൾക്കിപ്പുറം ഇന്ന് അതേ കേസിലെ പ്രതികൾ ജീവപര്യന്തം ശിക്ഷയിൽ നിന്നും ഉൗരി പോകുന്ന കാഴ്ച. ഇത്തരത്തിൽ സംശയങ്ങളും ചോദ്യങ്ങളും വിവാദങ്ങളും ഇൗ കേസിനെ വിടാതെ പിന്തുടരുകയാണ്. യുവ വ്യവസായി പോള്‍ എം. ജോര്‍ജിന്റെ കൊലപാതകത്തിലെ പ്രതികൾ പോലും ഇങ്ങനെ രക്ഷപ്പെടുമ്പോൾ ആരുടെ ഭാഗത്താണ് വീഴ്ച എന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. കേസില്‍ കാരി സതീഷ് ഒഴികെയുള്ള 8 പ്രതികളുടെ ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കി.

ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. മറ്റു വകുപ്പുകളിലുള്ള ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടുള്ളതിനാൽ പ്രതികൾക്ക് പുറത്തിറങ്ങാനാകുമെന്നാണ് കരുതുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രതികൾക്ക് മറ്റു വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ അനുഭവിച്ചാൽ മതി. രണ്ടാം പ്രതി കാരി സതീശ് അപ്പീൽ ഫയൽ ചെയ്തിരുന്നില്ല.

നാടിനെ നടുക്കിയ കൊലപാതകം ഇങ്ങനെ:

2009 ഓഗസ്റ്റ് 21ന് അര്‍ധരാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പൊങ്ങ ജംക്ഷനിലാണു പോള്‍ കൊല്ലപ്പെടുന്നത്. ആലപ്പുഴയില്‍ ക്വട്ടേഷന്‍ നടപ്പാക്കാന്‍ പോകുകയായിരുന്ന പ്രതികള്‍ വഴിയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടു പോളുമായി തര്‍ക്കത്തിലായെന്നും തുടര്‍ന്ന് കാറില്‍ നിന്നു പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തി എന്നുമാണു സിബിഐ കേസ്. പൊലീസ് അന്വേഷണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കൊടുവില്‍ 2010 ജനുവരിയിലാണ് പോള്‍ ജോര്‍ജ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടത്. കേസില്‍ പോളിനൊപ്പം സഞ്ചരിച്ചിരുന്ന കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും സംഭവത്തിൽ മാപ്പുസാക്ഷികളായിരുന്നു. 

വാദങ്ങൾക്ക് ശേഷം 2015 സെപ്റ്റംബറില്‍ കേസിലെ ഒന്‍പതു പ്രതികള്‍ക്കു ജീവപര്യന്തം തടവും പിഴയും ശിക്ഷവിധിച്ചിരുന്നു. മറ്റു നാലു പ്രതികള്‍ക്കു മൂന്നു വര്‍ഷം കഠിനതടവും പിഴയുമാണു വിധിച്ചത്.  ഇതിനോടനുബന്ധിച്ച ക്വട്ടേഷന്‍ കേസില്‍  13 പ്രതികള്‍ ഉള്‍പ്പെടെ 17 പേര്‍ക്കും മൂന്നു വര്‍ഷം കഠിനതടവും പിഴയും സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്‍. രഘു ശിക്ഷ വിധിച്ചു. പോള്‍ വധക്കേസില്‍ കാരി സതീഷ് അടക്കം ആദ്യ ഒന്‍പതു പ്രതികള്‍ക്കു നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതായി ജഡ്ജി ആര്‍. രഘു വ്യക്തമാക്കിയിരുന്നു.

ചങ്ങനാശേരി സ്വദേശികളായ ടി. ജയചന്ദ്രന്‍, കാരി സതീഷ്, എസ്. സത്താര്‍, എസ്. സുജിത്ത്, ആകാശ് ശശിധരന്‍ എന്ന രാജേഷ്, ജെ. സതീഷ് കുമാര്‍, ആര്‍. രാജീവ് കുമാര്‍, ഷിനോ എന്ന ഷിനോ പോള്‍, എച്ച്. ഫൈസല്‍ , ആലപ്പുഴ സ്വദേശികളായ എം. അബി, എം. റിയാസ്, കെ. സിദ്ദിഖ്, എ. ഇസ്മായില്‍ എന്നിവരെയാണു ശിക്ഷിച്ചത്. ഇതില്‍ ആദ്യ ഒന്‍പതു പ്രതികള്‍ക്കു കൊലയില്‍ നേരിട്ടു പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. അബിയും റിയാസും സഹോദരങ്ങളാണ്. കൊലക്കേസില്‍ ശിക്ഷിച്ച 13 പേരും തിരുവല്ല സ്വദേശി ഹസന്‍ എന്ന സന്തോഷ് കുമാര്‍, സബീര്‍, സുല്‍ഫിക്കര്‍, പ്രദീഷ് എന്നിവരും ഉള്‍പ്പെടെ 17 പ്രതികളും ക്വട്ടേഷന്‍ കേസിലും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.