cochin-duty-free-3

നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്നുള്ള മദ്യവില്‍പനയില്‍ ക്രമക്കേട്. യാത്രക്കാര്‍ക്ക് അധിക മദ്യം നല്‍കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വില്‍പനയുടെ കണക്കെടുക്കാന്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടപടി തുടങ്ങി. ഒരു വര്‍ഷത്തെ കണക്കുകള്‍ ഹാജരാക്കാന്‍ സിയാല്‍ അധികൃതര്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

ഓണത്തോട് അനുബന്ധിച്ച് കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് വിഭാഗം മദ്യ പരിശോധന കര്‍ശനമാക്കിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. ചൊവ്വാഴ്ച ഗള്‍ഫില്‍നിന്നെത്തിയ രണ്ട് യാത്രക്കാരില്‍നിന്ന് അനുവദനീയമായതിലുമധികം മദ്യം കണ്ടെടുത്തു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യാത്രക്കാര്‍ക്ക് അനുവദനീയമായതിലും കൂടുതല്‍ മദ്യം വില്‍ക്കുന്നതായി കണ്ടെത്തി. ഒരു മാസത്തെ കണക്ക് പരിശോധിച്ചപ്പോള്‍ അറുപതോളം ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് സൂചന. നെടുമ്പാശേരി വിമാനത്താളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് സിയാല്‍ നേരിട്ടാണ് നടത്തുന്നത്. 

 

വിദേശത്തുനിന്ന് വരുന്ന യാത്രക്കാരന് രണ്ട് ലീറ്റര്‍ മദ്യമാണ് വാങ്ങാവുന്നത്. പാസ്പോര്‍ട്ടിന്റെയും മറ്റ് യാത്രാരേഖകളുടെയും വിശദാംശങ്ങള്‍ നല്‍കുകയും വേണം. എന്നാല്‍ ഒരേ യാത്രക്കാരനുതന്നെ വിവിധ വിമാന നമ്പരും സമയവും രേഖപ്പെടുത്തി അനുവദനീയമായ രണ്ട് ലീറ്ററിലധികം മദ്യം നല്‍കിയതായി കണ്ടെത്തി. സെര്‍വര്‍ തകരാറിലായ സമയത്ത് യാത്രക്കാര്‍ കൂടുതല്‍ മദ്യം വാങ്ങിയെന്നാണ് സിയാല്‍ അധികൃതരുടെ വിശദീകരണം.