gold-smuggling

കരിപ്പൂർ: സ്വർണക്കടത്തു തടയാൻ ആധുനിക യന്ത്രങ്ങളുമായി വിമാനത്താവളങ്ങൾ ഉണർന്നിരിക്കുമ്പോൾ, ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിക്കുന്ന പഴയകാല കടത്തു രീതിയുമായി കള്ളക്കടത്തു സംഘങ്ങൾ. ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും ശരീരത്തിൽ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചുകടത്തുന്ന അതിസാഹസിക രീതിയാണു സജീവമാകുന്നത്. അടുത്തിടെ കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ കേസുകളിൽ ഏറെയും ഇങ്ങനെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിലയിലുള്ളവയാണ്. 

 

സ്വർണത്തരികൾ മറ്റു ചില പൊടികൾക്കൊപ്പം കുഴമ്പുരൂപത്തിലാക്കുന്നതാണ് ആദ്യഘട്ടം. ഈ സ്വർണ മിശ്രിതം ഗർഭനിരോധന ഉറകൾക്കുള്ളിൽ കെട്ടിയ നിലയിലാണ് ഒളിപ്പിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇവ  യന്ത്രങ്ങൾക്കു കണ്ടുപിടിക്കാൻ പ്രയാസമാണെന്നതിനു തെളിവാണ് അടുത്തിടെ കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവുമായെത്തിയ യുവാവ് പൊലീസിനു നൽകിയ പരാതി സൂചിപ്പിക്കുന്നത്. 

 

പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയി ഒളിപ്പിച്ചു കടത്തിയ സ്വർണം കൈവശപ്പെടുത്തി എന്നായിരുന്നു പരാതി. രഹസ്യമായി ചോർത്തിക്കിട്ടുന്ന വിവരങ്ങളാണു കസ്റ്റംസ് വിഭാഗങ്ങൾക്ക് ഇവരെ പിടികൂടാനുള്ള പ്രധാന മാർഗം. അല്ലെങ്കിൽ സംശയം തോന്നി ചോദ്യം ചെയ്യുമ്പോൾ കിട്ടുന്ന സൂചനകൾ.

 

സ്വർണക്കടത്തു സംഘങ്ങളുടെ പ്രലോഭനങ്ങളിൽ വീണ് സ്വർണം കടത്താനായി നാട്ടിൽനിന്നു വിദേശ രാജ്യങ്ങളിൽ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാട്ടിലേക്കു മടങ്ങുന്ന യാത്രക്കാർക്കു ടിക്കറ്റും പ്രതിഫലവും നൽകി വലയിലാക്കുന്നതു വേറെയും. ഇറക്കുമതി നികുതിയും സ്വർണ വിലയും വർധിച്ചതോടെ കള്ളക്കടത്ത് കൂടി. അതു തടയാൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

സ്വർണം ഒളിപ്പിക്കൽ അതിസാഹസികം

 

മരണം വരെ സംഭവിക്കാവുന്ന കള്ളക്കടത്തു രീതിയാണ് ശരീരത്തിൽ ഒളിപ്പിച്ചും വിഴുങ്ങിയുമുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. കള്ളക്കടത്തു സംഘത്തിൽപ്പെട്ട പ്രത്യേക പരിശീലനം ലഭിച്ചവരാണ് യാത്രക്കാരുടെ ശരീരത്തിൽ സ്വർണം ഒളിപ്പിക്കുക. യാത്രയുടെ നിശ്ചിത സമയത്തിനു മുൻപായിരിക്കും അത്.

 

പിന്നീടു ഭക്ഷണം കഴിക്കരുതെന്നാണ് നിർദേശം. വെള്ളം മാത്രമേ കുടിക്കാനാകൂ. എന്നാൽ, ഇവരിൽ ചിലർ വിമാനത്താവളത്തിലെത്തുമ്പോൾ, ഛർദ്ദി, തലകറക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംശയം തോന്നി പിടിക്കപ്പെട്ടാൽ എക്സ്റേ എടുത്ത് ഉറപ്പുവരുത്തും. പലപ്പോഴും ആശുപത്രികളിൽ എത്തിച്ചാണ് സ്വർണം പുറത്തെടുക്കുക.