hen-fight

മുള്ളേരിയ : കൊയ്ത്ത് കഴിഞ്ഞ വയലിൽ വൻ സ‍‍ജ്ജീകരണത്തോടെ പണംവച്ച് കോഴിപ്പോരു നടത്തുകയായിരുന്ന 4 പേർ അറസ്റ്റിൽ. നൂറ്റൻപതിലേറെ ആൾക്കാരും അൻപതിലധികം കോഴികളും സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ബാക്കിയുള്ളവർ പൊലീസിനെ കണ്ട് കോഴികളുമായി രക്ഷപ്പെട്ടു.

 

അഡൂർ പുതിയമ്പലത്തെ എസ്.സതീശൻ(45), ചന്ദനക്കാടിലെ പി.എ.അനിൽ കുമാർ(32), ബന്തടുക്ക പാലാറിലെ പി.എം.ശ്രീധര(34), കരിവേടകം തടത്തിലെ സന്തോഷ് ടി.മാത്യു എന്നിവരെയാണ് സിഐ കെ.പ്രേംസദന്റെ നേതൃത്വത്തിൽ അറസ്റ്റിലായത്.8 പൂവൻകോഴികളെയും 2 വാളുകളും 7130 രൂപയും ഇവരിൽ നിന്നു പിടിച്ചെടുത്തു. പൊലീസിന് നൽകാനെന്ന പേരിൽ കോഴി ഉടമകളിൽ നിന്നു പണപ്പിരിവ് നടത്തിയതായും അധികൃതർക്കു വിവരം ലഭിച്ചിട്ടുണ്ട്.

 

ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിൽ എത്തിയ പൊലീസ് അങ്കത്തട്ട് വളയുകയായിരുന്നു. അറസ്റ്റിലായവർക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. കോഴികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ലേലം ചെയ്തു വിൽപന നടത്തും. ഒരാഴ്ച മുൻപ് ബെള്ളൂർ ബസ്തിയിൽ നിന്നും സമാനമായ രീതിയിൽ കോഴിപ്പോരു പിടികൂടിയിരുന്നു.