ദമ്പതികൾ പട്ടാപ്പകൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. പ്രതികൾ ബംഗ്ലദേശികളെന്നു സംശയം. പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ (കുഞ്ഞുമോൻ – 75), ഭാര്യ ലില്ലി (68) എന്നിവരെയാണു ക്രൂരമായി കൊലപ്പെടുത്തിയത്. ഇവർ മാത്രമായിരുന്നു ഈ വീട്ടിൽ താമസം.പ്രതികളെന്നു സംശയിക്കുന്ന ലബിലു, ജുവൽ എന്നിവർക്കു വേണ്ടിയാണു വെൺമണി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്. മോഷണമാണു കൊലപാതകത്തിന്റെ ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം. എന്നാൽ, സ്വർണമോ പണമോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമല്ല.
ചെറിയാന്റെ മൃതദേഹം വീടിനു പുറത്തുള്ള സ്റ്റോർ മുറിയിലും ലില്ലിയുടേത് അടുക്കളയിലുമാണു കണ്ടത്.ലില്ലിയെ മൺവെട്ടികൊണ്ടും ചെറിയാനെ ഇരുമ്പുവടികൊണ്ടും ആക്രമിച്ചെന്നാണ് പൊലീസ് കരുതുന്നത്. സംഭവ സ്ഥലത്തുനിന്ന് ഇരുമ്പുവടി കണ്ടെടുത്തു. അടുക്കളയിൽ മൺവെട്ടിയുണ്ടായിരുന്നതായി മൃതദേഹം ആദ്യം കണ്ടവർ പറയുന്നു. മുറിക്കുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ടിരുന്നു.മൃതദേഹങ്ങൾക്കടുത്തുനിന്ന് പൊലീസ് നായ വീടിനു മുന്നിലെ റോഡിലൂടെ രണ്ടു കിലോമീറ്ററോളം അകലെ ഉളിയന്തറ മാലേപ്പടിയിലെ കാടുപിടിച്ച സ്ഥലം വരെ പോയി.
ഞായറാഴ്ച പള്ളിയിൽ പോകേണ്ടതിനാൽ അന്നു പണിക്കു വരണ്ടെന്നു ചെറിയാൻ തൊഴിലാളികളോടു പറഞ്ഞിരുന്നതായി വിവരമുണ്ട്. എന്നിട്ടും ഇവർ ജോലിക്കെത്തി. ഇതാണു പണിക്കാരിലേക്കു സംശയം നീളാൻ കാരണമായത്.പ്രതികളെന്നു സംശയിക്കുന്നവരെ തേടി പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടിസിലുള്ള ബംഗ്ലദേശ് സ്വദേശികളായ ലബിലുവും ജുവലും ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ജോലിക്കു വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നെന്നാണു സംശയം. പണിക്കു വന്നവരിൽ ഒരാളെ ചോദ്യം ചെയ്യുന്നുണ്ട്.
ഇവരെ സംസ്ഥാനത്തെത്തിച്ച കരാറുകാരനെ പൊലീസ് വിളിച്ചു വിവരങ്ങൾ തേടി. അയാൾ കൊണ്ടുവന്ന രേഖകളിലൊന്ന് ഒരു ബംഗ്ലദേശ് പാസ്പോർട്ടിന്റെ പകർപ്പാണ്. മറ്റൊരു രാജ്യത്തെ പൗരൻ ഇവിടെയെത്തിയ വിവരം പൊലീസിനെ നേരത്തെ അറിയിച്ചിരുന്നില്ല. അക്കാര്യത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.