athani-boys-20

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് നെടുമ്പാശേരിയില്‍ ബിനോയിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. 'അത്താണി ബോയ്സ്' എന്ന പേരിലുള്ള ക്വട്ടേഷൻ സംഘമാണ് കൊലയ്ക്ക് പിന്നിൽ. സംഘാംഗങ്ങളിൽ രണ്ടുപേരുടെ പിതാവ് ഗുരുതരാവസ്ഥയിൽ പാലിയേറ്റീവ് കെയറിൽ കിടക്കുമ്പോഴാണ് സംഘം കൊല നടത്തിയത്. 

 

ഒക്ടോബർ ഒന്നിനു ദേശീയപാതയിൽ വാഹനമിടിച്ചാണു കേസിൽ നാലും അഞ്ചും പ്രതികളായ മേക്കാട് മാളിയേക്കൽ അഖിലിന്റെയും നിഖിലിന്റെയും പിതാവ് ആശുപത്രിയിലായത്. ചികിത്സയ്ക്കുശേഷം അബോധാവസ്ഥയിൽ തുടരുന്നതിനാലാണ് ഇദ്ദേഹത്തെ തുരുത്തിശേരിയിലെ പാലിയേറ്റീവ് കെയറിലേക്കു മാറ്റിയത്. 

 

സൈക്കിൾ എടുക്കുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇദ്ദേഹത്തെ ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നു. ഈ വാഹനം ഇതുവരെ പൊലീസിനു കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവരുടെ വീട്ടിൽ ആരുമില്ലാത്തപ്പോഴാണ് ഗുഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. 

 

കേസില്‍ ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതികളെ കണ്ടെത്താനായിട്ടില്ല. ഒന്നാം പ്രതി തുരുത്തിശേരി സ്വദേശി വിനു വിക്രമൻ, രണ്ടാം പ്രതി ലാൽ കിച്ചു, മൂന്നാം പ്രതി ഗ്രിൻഡേഴ്സ് എന്നിവരെ തേടി അന്വേഷണ സംഘം തമിഴ്നാട്ടിലേക്കു പോയിരിക്കുകയാണ്. മൂന്നു സ്ക്വാഡുകളാണു പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്.