jolly-adv-hyder-2

 

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജോളിയുടെ വക്കാലത്തൊഴിയുമെന്ന് അഭിഭാഷകന്‍ കെ.ഹൈദര്‍. നാല് കേസുകളില്‍ക്കൂടി ബി.എ.ആളൂര്‍ അസോസിയേറ്റ്സിനെ കേസ് ഏല്‍പ്പിക്കാന്‍ ജോളി സമ്മതപത്രം കൈമാറിയതിന് പിന്നാലെയാണ് തീരുമാനം. സൗജന്യ നിയമസഹായത്തിനായാണ് കോടതി തന്നെ ചുമതലപ്പെടുത്തിയതെന്നും തുടരേണ്ട സാഹചര്യമില്ലെന്നും ഹൈദര്‍ പറഞ്ഞു. 

 

അന്നമ്മ, ടോം തോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ വധക്കേസുകളില്‍ നിലവിലുള്ള തന്റെ അഭിഭാഷകനെ മാറ്റി ആളൂരിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോളി ജയില്‍ സൂപ്രണ്ടിന് കത്ത് നല്‍കിയത്. കോഴിക്കോട് ജില്ലാ ജയില്‍ അധികൃതര്‍ തപാല്‍മാര്‍ഗം കത്ത് താമരശ്ശേരി കോടതിയിലേക്ക് അയച്ചു. ആവശ്യം കോടതി പരിഗണിക്കും മുന്‍പ് വക്കാലത്ത് ഒഴിയുന്നതിനാണ് ഹൈദരുടെ തീരുമാനം. ജോളിക്ക് സൗജന്യ നിയമസഹായം നല്‍കുന്നതിനാണ് കോടതി തന്നെ ചുമതലപ്പെടുത്തിയത്. പുതിയ സാഹചര്യത്തില്‍ തുടരാനാകില്ലെന്ന കാര്യം കോടതിയെ അറിയിക്കും. 

 

ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് വധവുമായി ബന്ധപ്പെട്ട കേസ് നേരത്തെ തന്നെ ആളൂര്‍ ഏറ്റെടുത്തിരുന്നതാണ്. വക്കാലത്ത് ഏറ്റെടുത്തതിനെ താമരശ്ശേരി ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. സൗജന്യ നിയമസഹായ വേദിയുടെ അഭിഭാഷകരെന്ന് തെറ്റിദ്ധരിപ്പിച്ച് ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിടുവിച്ചെന്നാണ് വിമര്‍ശനമുയര്‍ന്നത്. പിന്നീട് സിലിക്കേസില്‍ കെ.ഹൈദറിനെ ജോളിയുടെ അഭിഭാഷകനായി കോടതി നിശ്ചയിക്കുകയായിരുന്നു. ജോളി ആവശ്യപ്പെട്ടതനുസരിച്ചാണ് നാല് കേസുകള്‍ കൂടി ഹൈദര്‍ ഏറ്റെടുത്തത്.