baby-leg-8

പ്രായപൂർത്തിയെത്താത്ത പെൺകുട്ടി പ്രസവിച്ച വിവരം മറച്ചു വയ്ക്കുകയും  കുഞ്ഞിനെ വിൽക്കുകയും ചെയ്തതിനു ജില്ലാ ആശുപത്രിയിലെ ഡോക്ടർ ദമ്പതികൾ അടക്കം 7 പേർക്കെതിരെ പോക്സോ കേസ്. മടിക്കേരി ജില്ലാ ഗവൺമെന്റ് (സിവിൽ) ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. രാജേശ്വരി, ഭർത്താവ് ഡോ. നവീൻ, മടിക്കേരിയിൽ സ്വകാര്യ ആശുപത്രി നഴ്സുമാരായ രമ്യ, കവിത, ജീവനക്കാരി സലീന, സലീനയുടെ മകൻ പി.എം.റോബിൻ, ഭാര്യ സരളാമേരി എന്നിവർക്കെതിരെയാണു കേസ്.

 

2019 സെപ്റ്റംബർ 22നാണു സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി ആൺകുഞ്ഞിനു ജന്മം നൽകിയത്. ഡോ. രാജേശ്വരിയുടെയും ഡോ. നവീന്റെയും നേതൃത്വത്തിലായിരുന്നു പ്രസവ ചികിത്സ. നഴ്സുമാരായ രമ്യയും കവിതയും ഡോക്ടർമാരെ സഹായിച്ചു. പെൺകുട്ടി ആശുപത്രി വിടുമ്പോൾ നവജാത ശിശുവിനെ ഡോക്ടർമാർക്കു കൈമാറി. അവർ കുഞ്ഞിനെ അതേ ആശുപത്രിയിലെ ജീവനക്കാരിയായ സലീനയുടെ മകൻ റോബിന് ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റതായും പൊലീസ് പറഞ്ഞു.

 

റോബിൻ–സരളാമേരി ദമ്പതികൾക്കു കുട്ടികളില്ല. അവരുടെ പേരാണ് ആശുപത്രി രേഖകളിൽ കുഞ്ഞിന്റെ അഛനമ്മമാരായി രേഖപ്പെടുത്തിയിരിക്കുന്നത്.അതേ ആശുപത്രിയിലെ ജീവനക്കാരനായ പ്രശാന്ത്, വിശ്വഹിന്ദു പരിഷത് കുടക് ജില്ലാ കൺവീനർ കുശാലപ്പ എന്നിവരുടെ പരാതിയിലാണു കേസെടുത്തത്. കുഞ്ഞിനെ ഹാസനിലെ ചൈൽഡ് കെയർ സെന്ററിലേക്കു മാറ്റി.