bank-ceo

കര്‍ണാടകയില്‍ ശ്രീ ഗുരു രാഘവേന്ദ്ര സഹകരണ ബാങ്കിന്‍റെ മുന്‍ സി ഇ ഒയ്ക്കെതിരെ  വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.  നിലവിലെ സി ഇ ഒയുടെ പരാതിയിലാണ് നടപടി.

 

ബെംഗളൂരു ആസ്ഥാനമായുള്ള ശ്രീ ഗുരു രാഘവേന്ദ്ര സഹകരണ ബാങ്കിന്‍റെ ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ്  ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക്  കഴി‍ഞ്ഞമാസം മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ വായ്പകൾ പുതുക്കാനോ, നിക്ഷേപം സ്വീകരിക്കാനോ, ഫണ്ട് സ്വീകരിക്കാനോ പാടില്ലെന്നായിരുന്നു ഉത്തരവ്. ഇടപാടുകാർക്ക് ഒരു സമയം ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 35000മായി കുറയ്ക്കുകയും ചെയ്തു. 

ബാങ്ക് തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണെന്ന വാര്‍ത്ത പരന്നതോടെ ഇടപാടുകാര്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിടപാടുകളിലെ ക്രമക്കേടിന് പിന്നില്‍ മുന്‍ സി ഇ ഒ മനൂര്‍ വാസുദേവയാണെന്ന് നിലവിലെ സി ഇ ഒ സന്തോഷ് കുമാര്‍ പൊലീസിനും റിസര്‍ബാങ്കിനും പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വഞ്ചനാക്കുറ്റമടക്കം ചുമത്തി മനൂര്‍ വാസുദേവയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയിട്ടില്ലങ്കിലും. 6 മാസത്തെ പ്രവർത്തനം വിലയിരുത്തിയ ശേഷം നിയന്ത്രണം നീക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിശദീകരണം.  ശ്രീ ഗുരു രാഘവേന്ദ്ര സഹകരണ ബാങ്കില്‍ പണം സുരക്ഷിതമല്ലെന്നാണ് ഇടപാടുകാര്‍ ഇപ്പോള്‍ ആരോപിക്കുന്നത്. സി ഇ ഒയുടെ പരാതിയലും അന്വേഷണം പുരോഗമിക്കുകയാണ്.