കൊടുങ്ങല്ലൂര്‍ എറിയാട് ആളൊഴിഞ്ഞ പറമ്പ് കഞ്ചാവ് തോട്ടമാക്കി. അന്‍പത്തിയാറ് കഞ്ചാവ്ചെടികള്‍ എക്സൈസ് സംഘം കണ്ടെടുത്തു.എറിയാട് തട്ടുപ്പള്ളി, ഐ.എച്ച്.ആര്‍.ഡി. കോളജ് റോഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ യുവാക്കള്‍ നിരന്തരം തമ്പടിക്കുന്നതില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എം.പ്രവീണ്‍ ഇക്കാര്യം അറിഞ്ഞ ഉടനെ സഹപ്രവര്‍ത്തകരേയും കൂട്ടി പരിശോധനയ്ക്കിറങ്ങി.
ആളൊഴിഞ്ഞ പറമ്പ് വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ചെടികള്‍ കണ്ടത്. ഒന്നും രണ്ടും അല്ല 56 കഞ്ചാവ് ചെടികള്‍. ഇത്രയധികം കഞ്ചാവ് ചെടികള്‍ ഇങ്ങനെ സമീപകാലത്തൊന്നും തൃശൂര്‍ ജില്ലയില്‍ പിടികൂടിയിട്ടില്ല. ആരാണ് കഞ്ചാവ് നട്ടതെന്ന് വ്യക്തമല്ല.
പക്ഷേ, ആളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് എക്സൈസ്. നിരന്തരം ഈ പറമ്പില്‍ തമ്പടിക്കുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇവരെ, ചോദ്യംചെയ്യും. സമീപത്തെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കഞ്ചാവു ചെടികളെല്ലാം പറമ്പില്‍ നിന്ന് പിടിച്ചെടുത്തു. സാംപിള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം മറ്റു ചെടികളെല്ലാം നശിപ്പിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.