gold-theft

സ്വർണ്ണക്കടയിൽ കയറി മാല വാങ്ങാനെന്ന വ്യാജേന കഴുത്തിലിട്ടു നോക്കി കടന്നുകളഞ്ഞ ചെറുപ്പക്കാരൻ കൊച്ചിയിൽ കുടുങ്ങി. കൊച്ചി ഞാറയ്ക്കൽ അതുല്യ ജ്വല്ലറിയിൽ ആയിരുന്നു സംഭവം. ഇക്കഴിഞ്ഞ27ന് നടന്ന തട്ടിപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 

ലോക്ഡൗണിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം തുറന്ന ഞാറയ്ക്കൽ അതുല്യ ജ്വല്ലറിയിൽ ആളൊഴിഞ്ഞ നേരം നോക്കി തന്നെയാണ് പ്രതി കയറിയത്. പലതിന്റെയും വില ചോദിച്ച് ഏറെനേരം ഇരുന്നു. ആകെ ഉണ്ടായിരുന്ന ഒരു ജീവനക്കാരി ആകട്ടെ, ചോദിച്ച സ്വര്‍ണമെല്ലാം മേശമേൽ നിരത്തിയ ശേഷം വിലയും മറ്റും കണക്കുകൂട്ടിയിരുന്നു. ഒടുവിൽ മാല ഒരെണ്ണം ട്രേയിൽ നിന്നെടുത്ത പ്രതി എഴുന്നേറ്റ് പിന്നിലേക്ക് നീങ്ങി കണ്ണാടിക്ക് മുന്നിൽ സ്റ്റൈൽ നോക്കുന്ന മട്ടിൽ നിന്നു. അങ്ങനെ ഏതാനും സെക്കൻഡുകൾ. അതവിടെ പതിവ് ആയതിനാൽ ജീവനക്കാരിക്ക് അസ്വാഭാവിക തോന്നിയതുമില്ല. നിന്നത് കണ്ണാടിക്കു മുന്നിലെങ്കിലും പ്രതിയുടെ ശ്രദ്ധയത്രയും പുറത്ത് റോഡിൽ ആയിരുന്നു. 

ഓടിയില്ല, പുറത്തു നിന്ന് കാണുന്നവർക്കും ഒന്നും തോന്നാത്ത മട്ടിൽ തികച്ചും സ്വാഭാവികമായി നടന്നിറങ്ങി പോയി. അതുകൊണ്ട് തന്നെ ഏതാനും നിമിഷമെടുത്തു എന്താണ്  സംഭവിച്ചതെന്ന് ജീവനക്കാരിക്ക് പോലും മനസിലാകാൻ. ഈ ദൃശ്യങ്ങൾ ഉണ്ടായതിനാൽ ആളെ തിരിച്ചറിഞ്ഞു. ആലപ്പുഴ എഴുപുന്നയിൽ നിന്നുള്ള ജീമോൻ സെബാസ്റ്റ്യൻ ആണ് പ്രതി. പ്രായം 24  മാത്രം. വേറെയും മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ലോക്ക്ഡൗണ്‍ കാലത്തെല്ലാം ജയിലിൽ ആയിരുന്നു. പിന്നീട് ഇളവുകൾ നൽകി പലരെയും ജാമ്യത്തിൽ വിട്ടപ്പോൾ ഇറങ്ങിയ ശേഷം ആണ് പുതിയ തട്ടിപ്പ്. തട്ടിപ്പിന് എത്തുയത് മോഷ്‌ടിച്ച സ്‌കൂട്ടറിലും. ഇതേ ജ്വല്ലറിയിൽ എത്തിച്ച്‌ തെളിവെടുത്ത ശേഷം ഞാറയ്ക്കൽ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റിലാക്കി.