dr-omana-missing

തിരുവനന്തപുരം: സ്ത്രീകള്‍ നടത്തിയ കൊലപാതകങ്ങളുടെ ചരിത്രമെടുത്താല്‍ കേരളത്തില്‍ ഏറ്റവും ജനശ്രദ്ധനേടിയ സംഭവങ്ങളിലൊന്നായ 'സ്യൂട്ട് കേസ് കൊലക്കേസി'ന് 24 വയസ്സ്. പയ്യന്നൂരില്‍ പ്ലാനേഴ്‌സ് ആന്റ് ഡിസൈനേഴ്‌സ് എന്ന സ്ഥാപനം നടത്തിയിരുന്ന മുരളീധരനെ(42) ഓമന നേത്ര ക്ലിനിക് നടത്തിയിരുന്ന ഡോ. ഓമനയാണ് ഊട്ടിയില്‍വച്ച് കൊന്നു കഷ്ണങ്ങളാക്കി സ്യൂട്ട് കേസില്‍ നിറച്ചത്. 2001ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഓമനയെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്റര്‍പോളും അന്വേഷിച്ച് പരാജയപ്പെട്ടു. ഓമന മലേഷ്യയിലുണ്ടെന്നും മരിച്ചെന്നും അഭ്യൂഹങ്ങളുണ്ട്. 

 

കാമുകനെ' കൊത്തി നുറുക്കി സ്യൂട്ട് കേസിലാക്കി

 

1996 ജൂലൈ 11. കാമുകനായ മുരളീധരനെ ഊട്ടിയില്‍വച്ചു കൊലപ്പെടുത്തി കഷ്ണങ്ങളാക്കി സ്യൂട്ട് കേസില്‍ നിറച്ചു കൊടൈക്കനാല്‍ വഴി കന്യാകുമാരിയിലേക്ക് കാറില്‍ പോയ ഓമനയെ ഡിന്‍ഡിഗല്ലിനടുത്തുവച്ചാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റു ചെയ്യുന്നത്. കൊല്ലപ്പെട്ട മുരളീധരന്‍ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് തന്നെ നിരന്തരം പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഓമനയുടെ മൊഴി.

 

മലേഷ്യയിലായിരുന്ന ഓമന കൊലപാതകം നടക്കുന്നതിനു ഒരാഴ്ച മുന്‍പാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തുനിന്ന് ടെലഫോണില്‍ മുരളീധരനെ വിളിച്ചുവരുത്തി ഒരുമിച്ച് ഊട്ടിയിലേക്ക് പോകുകയായിരുന്നു. സ്‌നേഹ ബന്ധത്തിലായിരുന്ന മുരളീധരന്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു ഓമനയുടെ മൊഴി. വിവാഹിതയായിരുന്ന ഓമന വിസമ്മതിച്ചു. മുരളീധരന്‍ അപവാദങ്ങള്‍ പറഞ്ഞു പ്രചരിപ്പിച്ചതോടെ ഓമനയുടെ ഭര്‍ത്താവ് വിവാഹമോചനം നേടി. കൊലപാതകം നടക്കുന്നതിനു ഒന്നരവര്‍ഷം മുന്‍പ് മലേഷ്യയിലേക്ക് പോയ ഡോ. ഓമന അവിടെ പ്രാക്ടീസ് തുടങ്ങി. പിന്തുടര്‍ന്നു മലേഷ്യയിലെത്തിയ മുരളീധരന്‍ വിവാഹം ചെയ്യണമെന്നു വീണ്ടും നിര്‍ബന്ധിച്ചെന്നു ഓമന പൊലീസിനോട് പറഞ്ഞു. 

 

വിവാഹം ചെയ്യാമെന്നു സമ്മതിച്ച ഓമന മുരളീധരനെ വകവരുത്തുകയെന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലെത്തി. പിന്നീട് ഒരുമിച്ച് ഊട്ടിയിലെത്തി സ്വകാര്യ ഹോട്ടലിലും റെയില്‍വേ റിട്ടയറിങ് റൂമിലും താമസിച്ചു. അവിടെവച്ച് മുരളീധരനു വിഷം നല്‍കി. മരിച്ചു എന്നുറപ്പാക്കിയശേഷം മൃതദേഹം 20 കഷ്ണങ്ങളാക്കി മൂന്നു സ്യൂട്ട് കേസുകളില്‍ നിറച്ചെന്നും ഓമന പൊലീസിനോട് പറഞ്ഞു.

 

ഊട്ടിയില്‍നിന്നും ടാക്‌സിപിടിച്ച് സ്യൂട്ട് കേസുകളുമായി കൊടൈക്കനാലിലെത്തി. അവിടെനിന്ന് കന്യാകുമാരിയിലേക്ക് കാറില്‍ പോകുമ്പോഴാണ് പിടിയിലായത്. മൃതദേഹം ഊട്ടിയില്‍ ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടതെങ്കിലും വിനോദസഞ്ചാരികള്‍ കൂടുതലുള്ളതിനാല്‍ കഴിഞ്ഞില്ല. പിന്നീട് ടാക്‌സിയില്‍ കൊടൈക്കനാലിലേക്ക് പോയി.

 

അവിടെയും വിനോദ സഞ്ചാരികളുടെ ബാഹുല്യമായിരുന്നു. പിന്നീടാണ് മറ്റൊരു ടാക്‌സി വിളിച്ച് കന്യാകുമാരിയിലേക്ക് പോകുന്നത്. വഴിക്ക് ഡീസലടിക്കാന്‍ കാര്‍ നിര്‍ത്തിയ ഡ്രൈവര്‍ സ്യൂട്ട് കേസുകളില്‍നിന്ന് ദുര്‍ഗന്ധം വരുന്നതിന്റെ കാരണം അന്വേഷിച്ചു. ഓമന കാറില്‍നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലും അടുത്തുള്ള ടാക്‌സി സ്റ്റാന്‍ഡിലും അറിയിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഓമന പിടിയിലായത്. 

 

മുരളീധരന്‍ വിവാഹത്തിനു നിര്‍ബന്ധിച്ചതായി ഓമന പറയുന്നുണ്ടെങ്കിലും മുരളീധരനെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് കൊലപ്പെടുത്തിയതെന്നും വാദമുണ്ട്. കൊടൈക്കനാല്‍ പൊലീസാണ് ഓമനയെ അറസ്റ്റ് ചെയ്തത്. ആദ്യം ഊട്ടി പൊലീസ് അന്വേഷിച്ച കേസ് പിന്നീടു ക്രൈം ബ്രാഞ്ചിനു കൈമാറി.

 

2002 ഫെബ്രുവരിയില്‍ ക്രൈം ബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം ഊട്ടി മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, ഇതിനിടെ തമിഴ്നാട് സെന്‍ട്രല്‍ ജയിലില്‍ നിന്നു ജാമ്യത്തില്‍ പുറത്തിറങ്ങിയ ഓമന 2001 ജനുവരി 29 മുതല്‍ ഒളിവില്‍ പോയി. ഇന്റര്‍പോള്‍വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഓമന മരിച്ചതായി ഇടയ്ക്ക് വാര്‍ത്തകള്‍ വന്നെങ്കിലും മരിച്ചത് മറ്റൊരാളാണെന്നു തെളിഞ്ഞു.

 

പോസ്റ്റ്മോര്‍ട്ടം രീതിയില്‍ മൃതദേഹം കീറിമുറിച്ചു, നുറുക്കി

 

മെഡിസിന്‍ പഠന കാലയളവില്‍ ഓപ്പറേഷന്‍ കത്തി ഉപയോഗിച്ച പരിചയമാണു ഡോ. ഓമനയെ, മുരളീധരന്റെ മൃതദേഹം മുറിച്ചു കഷണങ്ങളാക്കാന്‍ സഹായിച്ചത്. പോസ്റ്റ്മോര്‍ട്ടം രീതിയിലായിരുന്നു മൃതദേഹം കീറിമുറിച്ചത്. മുരളീധരനെ വെട്ടിനുറുക്കിയപ്പോള്‍ രക്തം ചിന്താത്തത് ഊട്ടി പൊലിസിനെ അത്ഭുതപ്പെടുത്തി.  ഓമന എല്ലാം ആസൂത്രണം ചെയ്താണ് ഊട്ടിയിലെത്തിയതെന്ന് പൊലീസ് പറയുന്നു

 

പല പ്രമുഖ ഹോട്ടലുകളിലും മുറിയന്വേഷിച്ചു. തൃപ്തിയാകാതെ മടങ്ങി. ഉച്ചയോടെയാണ് റെയില്‍വേ റിട്ടയറിങ് റൂമിലെത്തിയത്. അതിനുശേഷം റിസോര്‍ട്ടില്‍ മുറിയെടുത്തു. ബന്ധുക്കള്‍ക്കെന്ന പേരിലാണ് നാലു മുറികള്‍ ബുക്ക് ചെയ്തത്. മൃതദേഹം നിറച്ച ബാഗുകള്‍ അവിടെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു.

 

മയക്കുമരുന്നുകള്‍ നല്‍കിയശേഷമാണ് റിട്ടയറിങ് റൂമില്‍വച്ച് മുരളീധരനെ കൊലപ്പെടുത്തിയത്. അതിനുശേഷം രക്തം കട്ടപിടിക്കാന്‍ മരുന്നുകള്‍ നല്‍കിയതായി കരുതുന്നു. രക്തം ചിന്താതെ ശരീരം വെട്ടാന്‍ കഴിഞ്ഞത് അതുകൊണ്ടാണെന്ന് പൊലീസ് പറയുന്നു. കട്ടിലിലുണ്ടായിരുന്ന കിടക്ക ഓമന നീക്കം ചെയ്തു. കട്ടിലിലെ പായയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു. ഈ ഷീറ്റില്‍ കിടത്തിയാണ് മുരളിയെ വെട്ടിനുറുക്കിയത്. രക്തവും മാസവും തെറിക്കാതെ സഹായിച്ചതും ഈ പ്ലാസ്റ്റിക് ഷീറ്റാണ്. 

 

ശരീരത്തിലെ ചര്‍മം മുഴുവന്‍ നീക്കംചെയ്തു ബാഗില്‍ സൂക്ഷിച്ചു. സന്ധികളില്‍ മുറിച്ച് എല്ലുകള്‍ വേര്‍പെടുത്തി. മാംസവും എല്ലുകളും പ്രത്യേകമാക്കി 25 പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചു. ആന്തരികാവയവങ്ങള്‍ കൊത്തിനുറുക്കി ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്തു. തുടര്‍ന്നാണു ശരീരഭാഗങ്ങള്‍ ബാഗുകളിലും സ്യൂട്ട്കേസിലുമാക്കിയത്.

 

മൃതദേഹം മുറിക്കാന്‍ കുറഞ്ഞതു മൂന്നു മണിക്കൂര്‍ ഓമന എടുത്തിരിക്കാമെന്നു പൊലീസ് രേഖകളില്‍ പറയുന്നു. ഇതിനുശേഷം മുറി വൃത്തിയാക്കി, കിടക്ക വിരിച്ചു മുറി വാടക നല്‍കി. ബാഗുകള്‍ ഒറ്റയ്ക്കു ചുമന്നാണു ഡോ. ഓമന, റിട്ടയറിങ് റൂമില്‍ നിന്നു കാറിലെത്തിച്ചത്. സ്യൂട്ട്കേസും ബാഗുകളും കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചു. ഊട്ടിയിലെ തണുത്ത കാലാവസ്ഥയെ തുടര്‍ന്നു മൃതദേഹം അഴുകാതിരുന്നതിനാലാണു റിട്ടയറിങ് റൂമില്‍ ദുര്‍ഗന്ധമുണ്ടാകാഞ്ഞത്. 

 

ഡ്രൈവറുടെ ചോദ്യം ഓമനയെ കുടുക്കി

 

മുരുകന്‍ എന്ന ഡ്രൈവറുടെ കാറിലാണ് ഓമന കൊടൈക്കനാലില്‍നിന്ന് കന്യാകുമാരിയിലേക്ക് പോകാന്‍ തുടങ്ങിയത്. ടയര്‍ പഞ്ചറായപ്പോള്‍ മുരുകന്‍ രാജയെന്ന ഡ്രൈവറുടെ കാര്‍ ഏര്‍പ്പാടാക്കി. കാറില്‍ ലഗേജ് കയറ്റാന്‍ തുടങ്ങിയപ്പോള്‍ ഓമന തടഞ്ഞു. അവര്‍ തന്നെയാണ് എല്ലാം എടുത്തു കയറ്റിയത്. ഓടിത്തുടങ്ങിപ്പോഴേ വണ്ടിയില്‍ ദുര്‍ഗന്ധമുണ്ടായിരുന്നു.

 

പുറത്തുനിന്നുള്ള ഗന്ധമാണെന്നാണ് ഡ്രൈവര്‍ കരുതിയത്. ദുര്‍ഗന്ധം രൂക്ഷമായപ്പോള്‍ ഡ്രൈവര്‍ക്ക് സംശയം തുടങ്ങി. രാജായുടേത് പുതിയ വണ്ടിയായിരുന്നു. പക്ഷേ കൊടൈക്കനാല്‍ വിട്ട് മൂന്നു കിലോമീറ്ററാകുമ്പോഴേക്കും രണ്ടു മൂന്നു തവണ ഓഫായി. പെട്രോള്‍ പമ്പിനു അടുത്തെത്തിയപ്പോഴാണ് രണ്ടാമത് ഓഫായത്. വേറൊരു ടാക്‌സി പിടിച്ചുതരാം എന്നു ഓമനയോടു പറഞ്ഞ് രാജ പെട്രോള്‍ പമ്പില്‍പോയി പൊലീസിനു ഫോണ്‍ ചെയ്തു. വണ്ടിയുടെ ക്ലീനര്‍ കാവല്‍നിന്നു. സംശയം തോന്നിയ ഓമന ലഗേജ് പുറത്തിറക്കിവച്ചശേഷം ഓടി.

 

രാജ കൊടൈക്കനാലിലെ ടാക്‌സി സ്റ്റാന്‍ഡിലേക്കും ഫോണ്‍ ചെയ്തിരുന്നു. അവരും പാഞ്ഞെത്തി. മൂന്നു വഴിക്കായി മറ്റു ഡ്രൈവര്‍മാര്‍ തിരച്ചില്‍ ആരംഭിച്ചു. രണ്ടു കിലോമീറ്ററിനപ്പുറം ഒരു മ്യൂസിയത്തിനടുത്തുവച്ചാണ് ഓമനയെ കണ്ടെത്തിയത്. പിടികൂടിയ ഡ്രൈവര്‍മാരോട് ഓമന തര്‍ക്കിച്ചു. അതിനിടയില്‍ പൊലീസെത്തി. ഓടിക്കൂടിയ നാട്ടുകാരോട് ഓമന പറഞ്ഞത് താന്‍ കീഴടങ്ങാന്‍ തയാറായിതന്നെയാണ് യാത്ര തുടങ്ങിയതെന്നാണ്. ഓമനയുടെ ബാഗുകള്‍ കൊടൈക്കനാല്‍ സ്റ്റേഷനിലെത്തിച്ച് തുറക്കുമ്പോള്‍ മുറ്റത്തു രക്തം പരന്നൊഴുകി. പൊതികള്‍ നിലത്തുവച്ചപ്പോള്‍ അവിടെയും രക്ത്തക്കറ പടര്‍ന്നു.

 

മൊഴികളില്‍ വൈരുദ്ധ്യം, മുരളീധരന്‍ ആരായിരുന്നു?

 

മുരളീധരന്‍ എന്ന ആര്‍ക്കിടെക്റ്റ് കുടുംബ സുഹൃത്തായിരുന്നു എന്നാണ് ഓമനയുടെ മൊഴി. മുരളീധരന്‍ ലൈംഗികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. പലതവണ ബലാല്‍സംഗ ശ്രമം ഉണ്ടായി. എതിര്‍ത്തതോടെ അപവാദം പറഞ്ഞു പരത്തി. ഭര്‍ത്താവില്‍നിന്ന് തന്നെ അകറ്റിയ കാമുകനില്‍നിന്ന് രക്ഷപ്പെടാന്‍ മലേഷ്യയിലേക്ക് പോയി.

 

അവിടെയും മുരളീധരന്‍ പിന്‍തുടര്‍ന്നു. ഓമന ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിയ മുരളീധരന്‍ അവര്‍ മനോരോഗിയാണെന്ന് അധികൃതരെ അറിയിച്ചതായി ഓമനയുടെ മൊഴിയില്‍ പറയുന്നു. ഓമനയെ അധികൃതര്‍ പിരിച്ചുവിട്ടു. ഇതോടെയാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്നാണ് ഓമന പറയുന്നത്.

 

വിപരീത കഥയും അടുപ്പമുള്ളര്‍ പറയുന്നുണ്ട്. കുടുംബവുമായി സ്വരച്ചേര്‍ച്ചയില്ലാതായപ്പോള്‍ ഓമന സ്വന്തമായി വീടുവയ്ക്കാന്‍ തീരുമാനിച്ചു. അതിന്റെ നിര്‍മാണ ചുമതല മുരളീധരനു നല്‍കി. വീടുനിര്‍മാണത്തിനിടെ ഇരുവരും അടുത്തതോടെ അപവാദ കഥകളുണ്ടായി. ഭര്‍ത്താവ് ഓമനയുമായി അകന്നു.

കുടുംബ ബന്ധം തകര്‍ന്നതോടെ മുന്‍പേ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ഓമനയുടെ അസ്വസ്ഥതയ്ക്ക് ആക്കം കൂടി. മുരളീധരന്‍ താന്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നു മനസിലായതോടെ പലപ്പോഴും മുരളീധരന്റെ വീട്ടിലെത്തി ഭാര്യയുടെ മുന്നില്‍വച്ച് ബഹളംവച്ചു. ഇതിനിടെ ഇവര്‍ തമ്മില്‍ കേസും ഉണ്ടായി. തന്റെ ഓഫിസിന്റെ താക്കോലും പണവും നഷ്ടപ്പെട്ടതായി ഓമന പരാതി നല്‍കി.

 

കോടതി മുരളീധരനെതിരേ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിക്കുന്ന സാഹചര്യവും ഉണ്ടായി. മലേഷ്യയിലെത്തിച്ച് മുരളീധരനെ കൊല്ലാന്‍ ഓമന ശ്രമിച്ചതായും അടുപ്പമുള്ളവര്‍ പൊലീസിനോട് വെളിപ്പെടുത്തി. സ്‌നേഹിതരുടെ വീട്ടില്‍ നടത്തിയ വിരുന്നു സല്‍ക്കാരത്തിനിടെ ഓമന മുരളിയെ കയ്യേറ്റം ചെയ്യുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

രണ്ടു ദിവസത്തിനുശേഷം മുരളി നാട്ടിലേക്ക് മടങ്ങി. ഭര്‍ത്താവായ മുരളി മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കുന്നതില്‍ മനംനൊന്താണ് താന്‍ മലേഷ്യയിലേക്ക് വന്നതെന്നു ഓമന സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഓമനയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു മുരളി ആരോടും പറഞ്ഞിട്ടില്ലെന്നും ഓമന തലവേദനയായി മാറിയപ്പോഴാണ് ആശുപത്രി അധികൃതര്‍ പുറത്താക്കിയതെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് ഓമന മാറി. മികച്ച ഡോക്ടറെന്നു പേരെടുത്തു.

 

മധുര സെന്‍ട്രല്‍ ജയിലിലെ വനിതകകള്‍ക്കുള്ള സെല്ലിലാണ് ഓമനയെ പാര്‍പ്പിച്ചിരുന്നത്. കോടതി ജാമ്യം അനുവദിച്ചെങ്കിലും ആള്‍ ജാമ്യം ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ബന്ധുക്കളാരും ഓമനയെ സഹായിക്കാന്‍ തയാറായില്ല. ബന്ധുക്കളോടുള്ള നീരസം ഒരു സുഹൃത്തിനു അയച്ച കത്തില്‍ ഓമന വ്യക്തമാക്കിയിരുന്നു.

 

'എനിക്കെന്റെ സഹോദരന്‍മാരില്‍ വിശ്വാസം നഷ്ടപ്പെട്ടു. ജയിലില്‍ കഴിയുന്ന സ്ത്രീകളെ അവരുടെ സഹോദരന്‍മാര്‍ വന്നുകണ്ട് ആശ്വസിപ്പിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. എന്റെ സഹോദരന്മാര്‍ സ്വാര്‍ഥമതികളായിപോയി. ഒരു കത്തുപോലും എനിക്ക് അങ്ങേയറ്റത്തെ സന്തോഷമായേനെ. എന്റെ കുട്ടികളുടെ അച്ഛനും മൗനത്തിലാണ്'- ഇംഗ്ലീഷിലെഴുതിയ കത്തില്‍ ഓമന പറഞ്ഞു. പിന്നീട് ജാമ്യം ലഭിച്ച ഓമന ഒളിവില്‍ പോകുകയായിരുന്നു. ആ ഒളിവു ജീവിതം ഇപ്പോഴും തുടരുകയാണോയെന്നതില്‍ വ്യക്തതയില്ല. ഒരുപക്ഷേ ഓമന മരിച്ചിട്ടുണ്ടാകാം.

 

മലേഷ്യയില്‍ മരിച്ചയാള്‍ ഓമനയല്ല

 

മലേഷ്യയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച മലയാളി സ്ത്രീ ഓമനയാണെന്ന സംശയത്തിലാണ് 2017ല്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. മലയാളിയെന്നു കരുതുന്ന സ്ത്രീ മലേഷ്യയിലെ സേലങ്കോര്‍ എന്ന സ്ഥലത്തു കെട്ടിടത്തില്‍ നിന്നു വീണു മരിച്ചതായി അവിടത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കേരളത്തിലെ പത്രങ്ങളില്‍ ചിത്രം സഹിതം പരസ്യം നല്‍കിയിരുന്നു.

 

അതിലെ ചിത്രം കണ്ടാണു പൊലീസിനു സംശയം തോന്നിയത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മലേഷ്യയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച യുവതി, ചെറിയതുറ പുന്നവിളാകം പുരയിടത്തില്‍ മെര്‍ലിന്‍ റൂബി(37)യാണെന്നു തിരിച്ചറിഞ്ഞതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.