യുഎസിലെ മയാമിയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയിമരിക്കും മുന്‍പ്, തന്നെ ആക്രമിച്ചതു ഭര്‍ത്താവ് ഫിലിപ്പ് മാത്യു ആണെന്ന് പൊലീസിനോടു വെളിപ്പെടുത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍വച്ചാണ് മെറിന്‍ തന്നെ ആക്രമിച്ചത് നെവിന്‍ ആണെന്നു പൊലീസിനെ അറിയിച്ചത്. ജൂലൈ 19ന് മെറിന്‍, കോറല്‍ സ്പ്രിങ്‌സ് പൊലീസില്‍ വിളിച്ച് വിവാഹമോചനക്കാര്യവും ഭര്‍ത്താവിന് താന്‍ തിരികെ ചെല്ലണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തിപരമായ സന്ദേശങ്ങളും ചിത്രങ്ങളും നെവിന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ മെറിന്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യങ്ങളൊന്നും നടക്കാത്ത സാഹചര്യത്തില്‍ വിവാഹമോചന അറ്റോര്‍ണിയെ സമീപിക്കാനായിരുന്നു പൊലീസ് നിര്‍ദേശിച്ചത്.
മെറിന്റെ അലറിക്കരച്ചില്‍ കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയെങ്കിലും നെവിന്‍ കത്തി വീശി അവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ സഹപ്രവര്‍ത്തകര്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രമെടുത്തു പൊലീസിനു കൈമാറുകയായിരുന്നു. എമര്‍ജന്‍സി റൂമിനു തൊട്ടടുത്താണ് മെറിന്‍ കുത്തേറ്റു വീണതെങ്കിലും പരുക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു.
വിവാഹമോചനത്തിനായി മെറിന്‍ ശ്രമിക്കുന്നതാണ് നെവിനെ ചൊടിപ്പിച്ചതെന്ന് അയാളുടെ സുഹൃത്തുക്കള്‍ പറയുന്നു. കുഞ്ഞിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നെവിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു സൂചന. ചൊവ്വാഴ്ച മെറിന്റെ ജോലിസ്ഥലത്ത് രാവിലെ 6.45ന് എത്തിയ നെവിന്‍ പാര്‍ക്കിങ് ഏരിയയില്‍ കാത്തിരുന്നു. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി കഴിഞ്ഞ് മെറിന്‍ പുറത്തുവന്നു കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് നെവിന്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു പോകാന്‍ തയാറെടുക്കുമ്പോള്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് മെറിന്‍ ആക്രമിക്കപ്പെട്ടത്. 17 തവണ കുത്തിയ ശേഷം നെവിന്‍ വാഹനം മെറിന്റെ ശരീരത്തിലൂടെ ഓടിച്ചുകയറ്റുകയായിരുന്നു. പിന്നീട് ഹോട്ടല്‍ മുറിയില്‍നിന്നു നെവിനെ അറസ്റ്റ് ചെയ്തിരുന്നു.
2016 ജൂലൈ 30-നാണ് നെവിനും മെറിനും വിവാഹിതരായത്. ഇവര്‍ക്കു രണ്ടു വയസ്സുള്ള മകളുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. 2018-ല്‍ മെറിനെ കൊന്ന് സ്വയം ജീവനൊടുക്കുമെന്ന് നെവീന്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ കോറല്‍ സ്പ്രിങ്‌സ് പൊലീസ് എത്തിയിരുന്നു. അന്ന് നെവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മാനസികപ്രശ്‌നം മൂലം മറ്റുള്ളവരുടെ ജീവനു ഭീഷണിയാകുന്നതു തടയാനുള്ള ബേക്കര്‍ നിയമപ്രകാരമാണ് അന്ന് നെവിനെ കസ്റ്റഡിയില്‍ എടുത്തത്.
ഡിസംബറില്‍ നെവിനും മെറിനും നാട്ടിലെത്തിയപ്പോള്‍ മെറിന്റെ മാതാപിതാക്കള്‍ ഇതേക്കുറിച്ച് അറിഞ്ഞിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. പിന്നീട് സൗത്ത് ഫ്‌ളോറിഡയില്‍ മടങ്ങിയെത്തിയ നെവിന്‍ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ഗ്യാസ് സ്‌റ്റേഷനില്‍ കാഷ്യറായും പിന്നീട് മക്‌ഡൊണാള്‍ഡ്‌സില്‍ ജീവനക്കാരനായും ജോലിയെടുത്തു. മെറിനാകട്ടെ മകളെ നാട്ടില്‍ അമ്മയെ ഏല്‍പ്പിച്ച ശേഷമാണ് മടങ്ങിയത്. താംപയെന്ന സ്ഥലത്തേക്ക് മാറാനുള്ള ഒരുക്കത്തിലായിരുന്നു മെറിന്‍. നെവിന്റെ സമീപനത്തില്‍ മെറിന്‍ അസ്വസ്ഥയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.