കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പീഡനക്കേസ് പ്രതി പിടിയില്‍. കോഴിക്കോട് മുത്തേരിയില്‍ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ ഒന്നാംപ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെയാണ് കൂത്തുപറമ്പില്‍ നിന്ന് നടക്കാവ് പൊലീസ് പിടികൂടിയത്. വനത്തിനോട് ചേര്‍ന്ന് രഹസ്യമായി താമസിച്ചിരുന്ന മുജീബിനെ ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് പൊലീസ് കുടുക്കിയത്.
ഈമാസം ഇരുപതിനാണ് വെസ്റ്റ് ഹില്ലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിന്റെ സെല്ല് തകര്‍ത്ത് മുജീബ് രക്ഷപ്പെട്ടത്. മഞ്ചേരിയിലെ കവര്‍ച്ചാക്കേസിലെ കസ്റ്റഡി കഴിഞ്ഞ് ജയിലില്‍ പ്രവേശിപ്പിക്കും മുന്‍പുള്ള നിരീക്ഷണത്തിലായിരുന്നു.
രാത്രിയില്‍ ഭാര്യയുടെ വീട്ടിലെത്തി. മറ്റാരുടെയും കണ്ണില്‍പ്പെടാതെ കതിരൂരിലെ കുന്നിന്‍ മുകളിലായി വനത്തിനോട് ചേര്‍ന്നുള്ള സ്ഥലത്തേക്ക് മാറി. ടാര്‍പോളിന്‍ കെട്ടി താമസിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പതിവായി ഉപയോഗിക്കാത്ത മുജീബിന്റെ നീക്കങ്ങള്‍ സൈബര്‍ സെല്ലിനും കണ്ടെത്താനായില്ല. പിന്നീടാണ് ഭാര്യയിലേക്ക് അന്വേഷണമെത്തിയത്. പതിവായി ഭക്ഷണപ്പൊതിയുമായി ഭാര്യ പുറത്തിറങ്ങുന്നുവെന്ന വിവരമാണ് തുമ്പായത്. നടക്കാവ്, കസബ എസ്.ഐമാരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രാത്രിയിലെത്തി രണ്ടരയോടെ മുജീബിനെ പിടികൂടുകയായിരുന്നു. ഉള്‍വനത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് വിഫലമാക്കി. കഴിഞ്ഞദിവസമാണ് കേസിലെ രണ്ടാംപ്രതി ജമാലുദ്ദീനെ ബെംഗലുരൂവിലെ താമസസ്ഥലത്ത് നിന്ന് വടകര റൂറല്‍ എസ്.പിയുടെ കീഴിലുള്ള അന്വേഷണസംഘം പിടികൂടിയത്. മുജീബ് റഹ്മാനും ജമാലുദ്ദീനും ലഹരിവില്‍പനയിലൂടെയാണ് സുഹൃത്തുക്കളായത്. വയോധികയെ ആക്രമിക്കാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ മുജീബ് ചോമ്പാലില്‍ നിന്നാണ് കവര്‍ന്നത്. ജമാലുദ്ദീനാണ് വ്യാജ നമ്പരുള്‍പ്പെടെ പതിപ്പിച്ച് രൂപമാറ്റം വരുത്തിയത്. പീഡനത്തിന് ശേഷം മുജീബിന് ഒളിച്ചുകഴിയാനും രക്ഷപ്പെടാനും സഹായം നല്‍കിയതും ജമാലുദ്ദീനെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.