kdc-fraud-02

 

വ്യാജരേഖകള്‍ സമര്‍പ്പിച്ച് ബാങ്കില്‍ നിന്ന് ഒരു കോടി രൂപ തട്ടിയ കേസില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ ബാങ്ക് അധികൃതര്‍ വീണ്ടും കോടതിയെ സമീപിക്കും. കേരള ബാങ്കിന്റെ കോഴിക്കോട് എലത്തൂര്‍ ശാഖയില്‍ നിന്ന് പണമെടുത്ത് മുങ്ങിയ മൂന്നുപേരെ ഒരുവര്‍ഷം കഴിഞ്ഞിട്ടും എലത്തൂര്‍ പൊലീസിന് പിടികൂടാനായില്ല. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.  

 

2019 ഓഗസ്റ്റില്‍ കോടതി നിര്‍ദേശപ്രകാരം എലത്തൂര്‍ പൊലീസെടുത്ത കേസില്‍ നാല് പ്രതികളാണുള്ളത്. എലത്തൂര്‍ സ്വദേശികളായ അബ്ദുല്‍ റൗഫ്, സഹോദരങ്ങളായ സക്കറിയ , മുഹമ്മദ് ബഷീര്‍ ഇവരുടെ ബന്ധു പടിഞ്ഞാറയില്‍ ഹിഷാം എന്നിവരാണ്. സക്കറിയ മാത്രമാണ് അറസ്റ്റിലായത്. മൂന്നുപേര്‍ വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. ബാങ്കിന്റെ നിരീക്ഷണത്തില്‍ പ്രധാന പ്രതി നാട്ടിലെത്തി മടങ്ങുന്നതായ വിവരം ലഭിച്ചു. ലുക്കൗട്ട് നോട്ടിസിറക്കാന്‍ വൈകുന്നതും ബാങ്ക് അധികൃതര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. 

 

പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. 2014 സെപ്തംബറിലാണ് തട്ടിപ്പുണ്ടായത്. ബാലുശ്ശേരി വയലടയ്ക്കടുത്തുള്ള കോട്ടുകുന്ന് മലയില്‍ നാലുലക്ഷം രൂപയ്ക്ക് ഇവര്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയ ഭൂമിയുടെ രേഖകളിലാണ് ക്രിത്രിമം നടത്തിയത്. രണ്ടേക്കര്‍ 25 സെന്റ് സ്ഥലത്തിന്റെ പ്രമാണങ്ങള്‍ വിലകൂട്ടി കാണിച്ചും കൃത്രിമ രേഖകളുണ്ടാക്കിയും ബാങ്കില്‍ ഹാജരാക്കി വായ്പയെടുത്ത് മുങ്ങിയെന്നാണ് കേസ്. വില്ലേജില്‍ നിന്ന് ലഭിക്കേണ്ട രേഖകളെല്ലാം ഇവര്‍ വ്യാജമായി നിര്‍മിക്കുകയായിരുന്നു. 25 ലക്ഷം രൂപ വീതമാണ് ഇവര്‍ ബാങ്കിനെ കബളിപ്പിച്ച് കൈവശപ്പെടുത്തിയത്.