കൊല്ലം ഭാരതിപുരം തോട്ടമുക്കിൽ അമ്മയും സഹോദരനും ചേർന്ന് രണ്ടുവർഷം മുൻപ് കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടം പുറത്തെടുത്തു. വീട്ടുവളപ്പിൽ ആഴത്തിൽ കുഴിയെടുത്ത് ചാക്കിൽകെട്ടിയായിരുന്നു മൃതദേഹം മറവ് ചെയ്തത്. മൃതദേഹാവശിഷ്ടം ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
കൊലപാതകം ആസൂത്രിതമല്ലായിരുന്നെങ്കിലും മൃതദേഹം മറവ് ചെയ്ത് കൃത്യമായ പദ്ധതിയോടെയായിരുന്നു. വീട്ടുവളപ്പിന്റെ ഏറ്റവും താഴയുള്ള ഭാഗത്ത് ആഴത്തിൽ കുഴിയെടുത്തു. മൃതദേഹം ചാക്കിൽക്കെട്ടി മറവ് ചെയ്ത ശേഷം കോൺക്രീറ്റും ചെയ്തു. കാട്ടുപന്നികൾ മൃതദേഹം തുരന്ന് പുറത്തെടുക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്.
കുഴിയിൽ നിന്നു കൊന്തയും കുരിശും ചെരിപ്പും സിം കാർഡും കണ്ടെത്തി. കേസിൽ അറസ്റ്റിലായ ഷാജി പീറ്ററുടെ സഹോദരൻ സജിൻ പീറ്ററിന്റേയും അമ്മ പൊന്നമ്മയുടേയും സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം അവശിഷ്ട്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. 2018 ഓഗസ്റ്റ് 25 ന് തിരുവോണ നാളിലാണ് ഷാജി പീറ്റർ കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനിടെ ഷാജിയെ കമ്പിവടികൊണ്ട് അടിച്ചെന്നാണ് സജിൻ്റെ മൊഴി. കൊലപാതകത്തെപ്പറ്റി പൊലീസിന് വിവരം നൽകിയ ഇവരുടെ ബന്ധു റോയിയെ കേസിൽ സാക്ഷിയാക്കും.