kundara-arrest-04

രണ്ടു വധശ്രമ കേസുകളിലെ രണ്ട് പ്രതികൾ കൊല്ലം കുണ്ടറ പൊലീസിന്റെ പിടിയിൽ. കുണ്ടറ പുനിക്കന്നൂർ സ്വദേശി ജോസ് ബന്നിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതാണ് ഒരു കേസ്. കുണ്ടറ പുനിക്കന്നൂർ സ്വദേശി മാക്രി രഞ്ജിതിനെയും, കുണ്ടറ മുളവനയിൽ മാതാപിതാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ ഷാഹുലുമാണ് അറസ്റ്റിലായത്. 

 

കുണ്ടറ പുനുക്കന്നൂർ സ്വദേശി ജോസ് ബെന്നിയുടെ വീടിന് മുൻവശം നിർത്തിയിട്ടിരുന്ന വാഹനത്തിനു സമീപം കയ്യിൽ ഒരു കത്തിയും പിടിച്ച് നിൽക്കുകയായിരുന്നു പ്രതിയായ രഞ്ജിത്ത്. ഇത് ചോദ്യം ചെയ്തതിനാണ് ജോസ് ബെന്നിയെ രഞ്ജിത്ത് വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി കുത്തിപ്പരുക്കേൽപ്പിച്ചത്. കുത്തേറ്റ് ജോസ് ബെന്നി രക്ഷപ്പെടാനായി വീടിനുള്ളിലേക്ക് ഓടിക്കയറി, പിന്നാലെ വീടിനുള്ളിലേക്ക് ഓടിക്കയറിയ രഞ്ജിത്ത് ജോസ് ബെന്നിയെ വീണ്ടും കുത്തിപ്പരിക്കേൽപ്പിച്ചു. 

 

ഈ കേസിലാണ് പുനുക്കന്നൂർ സ്വദേശി മാക്രി രഞ്ജിത്തിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസിലെ പ്രതിയാണ് രഞ്ജിത്ത്. മറ്റൊരു കേസിൽ മുളവനയിൽ മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മുളവന കന്നിമേൽമുക്ക് സ്വദേശി 73 വയസ്സുള്ള ഇബ്രാഹിംകുട്ടിയെയും അദ്ദേഹത്തിന്റെ ഭാര്യയെയുമാണ് മകനായ ഷാഹുൽ ആക്രമിച്ചത്.

 

മുൻ വിരോധമാണ് അക്രമത്തിന് കാരണം. ഇരുമ്പ് വടിയുമായി വീട്ടിലെത്തിയ മകൻ പിതാവിനെ തലക്കടിച്ച് പരുക്കേൽപിച്ചു. അക്രമം തടയാനെത്തിയ മാതാവിനെയും മകൻ ക്രൂരമായി മർദ്ദിച്ചു. പരാതിയെ തുടർന്ന് വധശ്രമത്തിനാണ് കേസെടുത്തത്. പ്രതികളായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.