vandiperiyar-arjun-3

 

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു. മുട്ടം പോക്സോ കോടതിയാണ് പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.  പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ലഭ്യമാക്കുമെന്ന് മാതാപിതാക്കളെ സന്ദ്ര്‍ശിച്ചശേഷം മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

 

ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അര്‍ജുനെ ഇരുപത്തിയേഴാം തീയതി വരെയാണ് കോടതി റിമാൻഡ് ചെയ്തത്. പ്രതിയുടെ സുരക്ഷ കണക്കിലെടുത്ത് പീരുമേട് ജയിലില്‍ കൊണ്ടുപോകാതെ മുട്ടം ജില്ല ജയിലില്‍ പാര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. സർക്കാർ അഭിഭാഷകനെ വേണമെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാണ് ആറുവയസുകാരിയുടെ കുടുംബത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. കസ്റ്റഡി കാലയളവിൽ പരമാവധി തെളിവുകൾ ശേഖരിക്കാനായെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രണ്ടുതവണ പ്രതിയെ കൊലപാതകം നടന്ന ലയത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിൽ പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുഞ്ഞിന്റെ വീട് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദ്ര്‍ശിച്ചു.