ഇടുക്കിയില്‍ കഞ്ചാവ് കേസില്‍ പ്രതികളായ വിദേശികള്‍ക്ക് നാല് വർഷം കഠിന തടവ്. പ്രതികള്‍ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ജർമനിക്കാരിയായ അള്‍ദിക് റിറ്റ്ചർ, ഈജിപ്തുകാരന്‍ ആദില്‍ മുഹമ്മദ് എന്നിവരാണ് പ്രതികള്‍. 2016ലാണ് കേസിന് ആസ്പദമായ സംഭവം. ആദില്‍ മുഹമ്മദിന്റെയും അള്‍ദിക് റിറ്റ്ച്ചറിനെയും ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോർട്ടില്‍ അഞ്ച് കഞ്ചാവ് ചെടികള്‍ നട്ടുനനച്ച് വളർത്തിയതായി കണ്ടെത്തി. കൂടാതെ 90 ഗ്രാം ഉണക്കിയ കഞ്ചാവും, 90 ഗ്രാം ഹഷീഷ് ഓയിലും പിടിച്ചെടുക്കുകയും ചെയ്തു. കഞ്ചാവ് ചെടി വളർത്തിയതിനാണ് നാല് വർഷം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയൊടുക്കിയില്ലെങ്കില്‍ തടവ് ഒരു വർഷം കൂടി നീളുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഉണക്കിയ കഞ്ചാവും ഹഷീഷ് ഓയിലും കൈവശം വെച്ചതിന് ഒരു മാസം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ തടവ് രണ്ട് മാസമാകും. തൊടുപുഴ എൻഡിപിഎസ് കോടതിയുടേതാണ് ശിക്ഷാ വിധി. ഇരുവരെയും കേസില്‍ പെടുത്തിയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പ്രതികള്‍ക്കെതിരായ നടപടി അതാത് രാജ്യങ്ങളെ രേഖാമൂലം അറിയിക്കും.