elanthoor-case

ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മൂന്ന് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം. കാലടി പൊലീസ് രജിസ്റ്റര്‍ ചെയ്ത റോസ്ലി കൊലക്കേസിലാണ് പ്രതികളെ ഒന്‍പത് ദിവസം കസ്റ്റഡിയില്‍ വിട്ടത്. കടവന്ത്ര പത്മ വധക്കേസില്‍ ജാമ്യം തേടി മൂന്നാം പ്രതി ലൈല കോടതിയെ സമീപിച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

 

കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്മ വധക്കേസില്‍ കസ്റ്റഡി കാലാവധിക്ക് ശേഷം മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസമാണ് റിമാന്‍ഡ് ചെയ്തത്. തൊട്ടുപിന്നാലെ റോസ്ലിയുടെ കൊലപാതകത്തില്‍ കാലടി പൊലീസ് മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്, ലൈല എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസിന്‍റെ ആവശ്യം പരിഗണിച്ച് തെളിവെടുപ്പിനും തുടരന്വേഷണത്തിനുമായി ഒന്‍പത് ദിവസത്തേക്കാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ജൂണ്‍ എട്ടിനാണ് റോസ്ലിയെ ഷാഫി കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ഇലന്തൂരില്‍വെച്ച് കൊലപ്പെടുത്തിയത്. സെപ്റ്റംബറില്‍ പത്മയുടെ തിരോദാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് റോസ്ലിയെയും കൊലപ്പെടുത്തിയെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഷ്ണങ്ങളാക്കിയ ശേഷം കുഴിച്ചിട്ട റോസ്ലിയുടെ മൃതദേഹം കണ്ടെത്തി. ഈ കേസിലെ തുടര്‍ നടപടികളുടെ ഭാഗമായാണ് കസ്റ്റഡി.

 

ഇലന്തൂരിലെ വീട്ടില്‍ തെളിവെടുപ്പിന് പുറമെ പത്തനംതിട്ടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഭഗവല്‍സിങ് പണയപ്പെടുത്തിയ റോസ്ലിയുടെ ആഭരണങ്ങളും വീണ്ടെടുക്കണം. കൂടുതല്‍ സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് പുറമെ ഒന്നാം പ്രതിയായ ഷാഫി നേരത്തെ കാലടിയിലും മലയാറ്റൂരിലുമായി തങ്ങിയതിന്‍റെ കാരണങ്ങളും കണ്ടെത്തണം. റോസ്ലിയുടെ കൂടുതല്‍ ശരീരഭാഗങ്ങള്‍ മറ്റെവിടെയെങ്കിലും കുഴിച്ചിട്ടുണ്ടോ എന്നും വ്യക്തമാകേണ്ടതുണ്ട്. ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് കാലടി കേസിലെ അന്വേഷണം. പത്മയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നാംപ്രതി ലൈല ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എല്ലാ കഥകളും പൊലീസ് കെട്ടിചമച്ചതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി നാളെ പരിഗണിക്കും.