ഇരിങ്ങാലക്കുട മുരിയാട് എംപറര്‍ ഇമ്മാനുവല്‍ സഭാ വിശ്വാസികള്‍ കാര്‍ ആക്രമിച്ചു. സഭ വിട്ടുപോയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ ഷാജിയുടെ ബന്ധുവിനെയാണ് ആക്രമിച്ചത്. മുരിയാട് സ്വദേശിയായ വിപിന്റെ കാറാണ് ആക്രമിച്ചത്. സ്ത്രീകളുടെ സംഘം കഴിഞ്ഞ ദിവസം ആക്രമിച്ച മുരിയാട് സ്വദേശി ഷാജിയുടെ ബന്ധുവാണ് വിപിന്‍. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ സഭ വിശ്വാസികള്‍ക്കു മേധാവിത്വമുള്ള പ്രദേശത്താണ് ഷാജിയും കുടുംബവും താമസിക്കുന്നത്.
ഷാജിയെ കാണാന്‍ വന്നതായിരുന്നു ബന്ധു. ഈ സമയത്തായിരുന്നു ആക്രമണം. വലിയ ജനക്കൂട്ടം ആക്രമിച്ചു. വിവരമറിഞ്ഞ് പാഞ്ഞെത്തിയ ആളൂര്‍ പൊലീസ് ഷാജിയെ ആശുപത്രിയിലേയ്ക്കു മാറ്റി. പൊലീസിന്റെ സാന്നിധ്യത്തിലും ആക്രമണം അഴിച്ചുവിട്ടു. സ്ഥലത്തുണ്ടായിരുന്നത് ചുരുക്കം പൊലീസ് ഉദ്യോഗസ്ഥരാണ്. ഇവര്‍ ഏറെ പണിപ്പെട്ടാണ് ആളെ രക്ഷപ്പെടുത്തിയത്. സഭ വിട്ടുപോയവരും സഭാ വിശ്വാസികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പലപ്പോഴും കയ്യാങ്കളിയില്‍ കലാശിക്കാറുണ്ട്.
ഇരുകൂട്ടരും പരസ്പരം നിയമപോരാട്ടത്തിലുമാണ്. സംഘര്‍ഷം തുടര്‍ച്ചയായതോടെ കലക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ആളൂര്‍ പൊലീസ് സ്റ്റേഷനില്‍ സഭാ വിശ്വാസികള്‍ നല്കിയ പരാതിപ്രകാരം ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. കൂടുതലും പോക്സോ കേസുകളാണ്. ഈ പരാതികളുടെ നിജസ്ഥിതി അറിയാന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. അതേസമയം, പോക്സോ കേസുകളില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് സഭാവിശ്വാസികളുടെ പരാതി. കഴിഞ്ഞ ദിവസം ആള്‍ക്കൂട്ട മര്‍ദ്ദനം അഴിച്ചുവിട്ട പതിനൊന്നു സ്ത്രീകളും റിമാന്‍ഡില്‍ തുടരുകയാണ്.