ganja-case

എസ്എഫ്ഐ മുന്‍ നേതാവ് പ്രതിയായ കേസില്‍ കഞ്ചാവ് കടത്തിയത് സ്ത്രീയേയും കുട്ടികളെയും ഉപയോഗിച്ചെന്ന് എക്സൈസ് കണ്ടെത്തല്‍.   പ്രതികളിലൊരാളുടെ ഭാര്യയേയും മൂന്നു കുട്ടികളേയുമാണ് കടത്തിനുപയോഗിച്ചത്.  കഴിഞ്ഞ ദിവസമാണ് ഒഡീഷയില്‍ നിന്ന്  തലസ്ഥാനത്തെത്തിച്ച 94 കിലോ കഞ്ചാവുമായി എസ്എഫ്ഐ മുന്‍ നേതാവ് അഖിലടക്കം നാലുപേര്‍ എക്സൈസിന്‍റെ പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പൊലീസിന്‍റേയും എക്സൈസിന്‍റേയും കണ്ണു വെട്ടിക്കുന്നതിനാണ് കുട്ടികളെ മറയാക്കുന്നത്. ഒഡീഷയില്‍ നിന്നും തലസ്ഥാനത്തേക്കുള്ള യാത്രയില്‍ കുട്ടികള്‍ ഇരുന്ന ഭാഗത്താണ് കഞ്ചാവ് ഒളിപ്പിച്ചുവെച്ചിരുന്നത്. സംസ്ഥാനാതിര്‍ത്തിയിലെത്തിച്ചശേഷം ഇവരെ ഇറക്കി മറ്റോരു വാഹനത്തില്‍ കയറ്റി വിടുകയായിരുന്നു. പ്രതിയുടെ ഭാര്യയേയും കുട്ടികളേയുമല്ലാതെ , മറ്റു സ്ത്രീകളേയും കുട്ടികളെയും കടത്തിനുപയോഗിച്ചോയെന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുക്കും. സ്ത്രീയ്ക്കും കുട്ടികള്‍ക്കുമായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 

 

പ്രതികള്‍ പിടിയിലായ അന്നു തന്നെ ഇവര്‍ മുങ്ങുകയായിരുന്നു. ഒഡീഷയിലെ ഗോപാല്‍പൂരില്‍ നിന്നും ഇവര്‍ കഞ്ചാവ് തലസ്ഥാനത്തെത്തിച്ചത്. സ്ത്രീയേയും കുട്ടികളേയും ഗോപാല്‍പൂര്‍ ബീച്ചില്‍ നിര്‍ത്തിയശേഷം കഞ്ചാവ് വാങ്ങാനായി പോയി. പിന്നീട് ഇവരേയും ഒപ്പം കൂട്ടി നാട്ടിലേക്ക് മടങ്ങി. മുന്‍ എസ്എഫ്ഐ നേതാവായ അഖില്‍, വിഷ്ണു, രതീഷ്, രതീഷ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. പിടിയിലാവരില്‍ നിന്നു 6 എടിഎം കാര്‍ഡുകളും ഏഴു മൊബൈലുകളും പിടിച്ചെടുത്തിട്ടുണ്ട്. മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ച് ഇടപാടുകാരെ അറിയാനാണ് എക്സൈസ് ശ്രമം.