അടുത്തിടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും ഭാര്യയും മക്കളുമെല്ലാം ഇന്ത്യക്കാരെ ഒരുപാട് അമ്പരപ്പിച്ചിരുന്നു. തെന്നിന്ത്യൻ സിനിമാഗാനങ്ങൾക്ക് ചുവടുവച്ച് അദ്ദേഹം ചെയ്ത ടിക്ടോക് വിഡിയോകൾ വൈറലായിരുന്നു. എന്നാൽ രാജ്യത്ത് ടിക്ടോക് നിരോധിച്ചതോടെ ഡേവിഡ് വാർണറെ വച്ച് ട്രോളുകളും സജീവമായിരുന്നു. ‘അവിടെ ടിക്ടോക് നിരോധിച്ചത് ഇന്ത്യൻ സർക്കാരല്ലേ. അതിൽ ഞാനെന്തു ചെയ്യാൻ?’ എന്നാണ് ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം.
വാർണർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയ്ക്കു താഴെ, ഇന്ത്യയിൽ ടിക്ടോക് നിരോധിച്ച കാര്യം ഒരു ആരാധകൻ കമന്റായി ചേർത്തപ്പോഴാണ് വാർണർ പ്രതികരിച്ചത്. ‘ടിക്ടോക് അവർ നിരോധിച്ചിരിക്കാം. ഇന്ത്യയിൽ ടിക്ടോക്ക് നിരോധിച്ചതിന് ഞാനെന്തു ചെയ്യാൻ. അത് സർക്കാരിന്റെ തീരുമാനമാണ്. ഇന്ത്യയിലെ ജനങ്ങൾ ആ തീരുമാനത്തെ ബഹുമാനിച്ചേ മതിയാകൂ’ – വാർണർ മറുപടിയായി കുറിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് ലോകം മുഴുവൻ ലോക്ഡൗണിലായതോടെയാണ് വാർണർ ടിക്ടോക്കിൽ സജീവമായത്. ഇന്ത്യൻ ആരാധകരെ ഉന്നമിട്ട് വാർണർ ടിക്ടോക്കിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ അനവധിയാണ്. ഇന്ത്യൻ സിനിമകളിലെ പ്രശസ്തമായ രംഗങ്ങൾ പുനരാവിഷ്കരിച്ചും ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടുവച്ചും വാർണറും കുടുംബവും ഒട്ടേറെ വിഡിയോകളാണ് ടിക്ടോക്കിൽ പോസ്റ്റ് ചെയ്തത്.