jude-bellingham-messi

ലോകകപ്പിലെ കൗമാരതാരങ്ങളില്‍ തിളങ്ങി ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങം. ലയണല്‍ മെസിക്ക് ശേഷം ലോകകപ്പില്‍ ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്ത ആദ്യ കൗമാരതാരമാണ് പത്തൊന്‍പതുകാരനായ ജൂഡ്. ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ മധ്യനിരയില്‍ കളിമെനയുന്ന ജൂഡ് ബെല്ലിങ്മിനെ ഇംഗ്ലണ്ടിലെയും സ്പെയിനിലെയും വമ്പന്‍ ക്ലബുകള്‍ ലക്ഷ്യമിട്ടിട്ട് നാളേറെയായി. ലോകകപ്പിന് മുമ്പ് ബെല്ലിങമിന്റെ വിലയെത്രയെന്ന ചോദിച്ച ക്ലബുകള്‍ക്ക് മുന്നില്‍ ഡോര്‍ട്മുണ്ട് മൗനം പാലിച്ചു. ലോകകപ്പിന് ശേഷം കൗമാരതാരത്തിന് പൊന്നുംവില ലഭിക്കുമെന്ന് അത്രയ്ക്കുറപ്പുണ്ടായിരുന്നു ബൊറൂസിയ ഡോര്‍ട്മുണ്ടിന്.  ക്ലബിന്റെ പ്രതീക്ഷയ്ക്കപ്പുറം നില്‍ക്കുന്ന പ്രകടനാണ് ഖത്തറില്‍ ജൂഡ് ബെല്ലിങം കാഴ്ചവയ്ക്കുന്നത്. സെനഗലിനെതിരായ മല്‍സരത്തില്‍ മധ്യനിരയില്‍ ഇംഗ്ലണ്ടിന്റെ ഹൃദയമിടിപ്പായി മാറി ഈ കൗമാരക്കാരന്‍. ജോര്‍ഡന്‍ ഹെന്‍ഡേഴ്സന് ഗോള്‍ നേടാന്‍ വഴിയൊരുക്കി. വിഡിയോ കാണാം.

 

20 വയസ് തികയും മുമ്പ് ലോകകപ്പില്‍ ഗോള്‍ നേടുകയും ഗോളിന് വഴിയൊരുക്കുകയും ചെയ്ത താരമെന്ന നേട്ടം ഇതുവരെ ലയണല്‍ മെസിക്ക് മാത്രമായിരുന്നു. സെനഗലിനെതിരായ മല്‍സരത്തോടെ  മെസി മാത്രം അംഗമായിരുന്ന എലീറ്റ് ക്ലബിലേയ്ക്ക്  ജൂഡ് ബെല്ലിങമിനും അംഗത്വം. ആദ്യ ലോകകപ്പ് മല്‍സരത്തില്‍ തന്നെ ഗോള്‍ നേടിയാണ് ജൂഡ് ബെല്ലിങ്ങം വരവറിയിച്ചത്. മധ്യനിരത്താരമായ ബെല്ലിങം 2022ല്‍ ഇതുവരെ നേടിയത് പത്തുഗോള്‍, ഒപ്പം രണ്ട് അസിസ്റ്റും. പതിനാറാം വയസില്‍ ബിര്‍മിങ്ങം ഫസ്റ്റ് ടീമിലെത്തിയ ജൂഡിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ ഫസ്റ്റ് ടീമില്‍ ഇടം ഉറപ്പുനല്‍കി ബൊറൂസിയ ഡോര്‍ട്മുണ്ട് ജൂഡിനെ ജര്‍മനിയിലേയ്ക്കെത്തിച്ചു. റയല്‍ മഡ്രിഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളാണ് ജൂഡിനെ സ്വന്തമാക്കാന്‍ മല്‍സരരംഗത്തുള്ളത്. 2025 വരെയാണ് ബൊറൂസിയ ഡോര്‍ട്മുണ്ടുമായുള്ള ജൂഡ് ബെല്ലിങമിന്റെ കരാര്‍.