sreedevi-amma

സാഹസികമായി കിണറ്റിലിറങ്ങി തേങ്ങയെടുത്ത് കരയ്ക്ക്  കയറുന്ന മുത്തശ്ശി. തനി കണ്ണൂർ ഭാഷ സംസാരിക്കുന്ന ഈ മുത്തശ്ശിയുടെ പേര് 

ശ്രീദേവിയമ്മ. വീട് പയ്യന്നൂർ കുഞ്ഞിമംഗലത്ത്. ശ്രീദേവിയമ്മയുടെ വീട് തേടിപ്പിടിച്ച്‌ ഞങ്ങളെത്തി. പേരകുട്ടിയുടെ മക്കൾ പുറത്ത് ഇറങ്ങും മുൻപ് ആദ്യം വീടിന്റെ പുറത്തേക്കിറങ്ങിയത് ശ്രീദേവിയമ്മയായിരുന്നു. വയസ് ചോദിച്ചു. തൊണ്ണൂറെന്ന് മറുപടി. പിന്നെ നിറുത്താതെ സംസാരമായിരുന്നു. 

 

കണ്ണൂരുള്ള ഞങ്ങൾ കിണറ്റിലിറങ്ങുന്നത് മൊബൈലിലൂടെ കണ്ടെന്ന് പറഞ്ഞപ്പോൾ മുത്തശ്ശിക്ക് അത്ഭുതം. വാട്സാപ്പോ, ഫെയ്സ്ബുക്കോ എന്താണെന്ന് മുത്തശ്ശിക്കറിയില്ല. തൊണ്ണൂറാം വയസിൽ കിണറ്റിലിറങ്ങിയതിനെക്കുറിച്ച് ഞങ്ങൾ അത്ഭുതത്തോടെ  ചോദിപ്പോൾ എന്താ ഇത്ര അത്ഭുതപ്പെടാനാരിക്കുന്നതെന്നായിരുന്നു ശ്രീദേവിയമ്മയുടെ മറുപടി. കാരണം ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. കുടം കിണറ്റിൽ വീണാൽ, ബക്കറ്റ് കിണറ്റിൽ വീണാൽ, തേങ്ങ കിണറ്റിൽ വീണാൽ എന്തിന് കിണറ്റിലെ കാട് പാറിച്ചെടുക്കാൻവരെ മുത്തശ്ശിയാണ് ഇറങ്ങാറ്. 

കഴിഞ്ഞദിവസം തെങ്ങുകയറ്റകാരനെത്തി തേങ്ങ ഇട്ടു. അതിൽ കുറച്ച് തേങ്ങ മുറ്റത്തെ കിണറ്റിൽ വീണു.  എട്ടടി ആഴമുള്ള കിണറ്റിൽ നാലടി വെള്ളമുണ്ട്. ശ്രീദേവിയമ്മ ഒന്നും നോക്കിയില്ല. കയറിൽ പിടിച്ച്  ഒറ്റയിറക്കം കിണറ്റിലേക്ക്. കപ്പിയും കയറും ഉരസിയുള്ള ശബ്ദം കേട്ട് പേരക്കുട്ടി ഓടിയെത്തി. തേങ്ങ കരയ്ക്കെത്തിച്ചശേഷം മുത്തശ്ശിയെയും പിടിച്ചു കയറ്റി. ഇത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തമാശയ്ക്ക് ബന്ധുക്കൾക്ക്  അയച്ചുകൊടുത്ത ഈ വീഡിയോ വഴി മുത്തശ്ശി അങ്ങനെ വയറലായി. 

 

രണ്ടുമാസംമുൻപ് വീടിനുള്ളിൽ വീണതിനെത്തുടർന്ന്  ചെറിയൊരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് കിണറ്റിലിറങ്ങിയത്.  എങ്കിലും പതിവ് കാഴ്ചയായതിനാൽ വീട്ടുകാരും നാട്ടുകാരും കാര്യമാക്കിയില്ല. 

 

വെളുപ്പിന് അഞ്ചുമണിക്ക് ഏഴുന്നേൽക്കുന്ന മുത്തശ്ശി ഒരു നിമിഷം പോലും വെറുതെയിരിക്കില്ല. ഒരു ജോലിയും മാറ്റിവയ്ക്കുകയുമില്ല. ഇന്നും തൂമ്പയെടുത്ത് തെങ്ങിന്റെ തടം തുറക്കും. പറമ്പിലുള്ള ഏത് ജോലിയും ചെയ്യും.

 

നല്ലൊരു നീന്തൽ കാരി കൂടിയാണെന്ന് മുത്തശ്ശി തുറന്ന് പറഞ്ഞു. വേണമെങ്കിൽ നീന്തി കാണിക്കാമെന്ന് മുത്തശ്ശി. വേണ്ടെന്ന് പറഞ്ഞപ്പോൾ കിണറ്റിലിറങ്ങി കാണിക്കാമെന്ന്  മറുപടി.  പക്ഷേ മുത്തശ്ശിയുടെ അത്ര ധൈര്യം ഞങ്ങൾക്കില്ലാത്തതിനാൽ ഒന്നും ചെയ്യാൻ അനുവദിച്ചില്ല.

 

മടങ്ങാൻ നേരാത്ത് ചൂടുള്ള ഓരോ ഗ്ലാസ് ചായയും തരാൻ മറന്നില്ല. ഓർമയ്ക്കായി ഒരു ഫോട്ടോ എടുക്കാമെന്ന് പറഞ്ഞപ്പോൾ ഓടി അടുത്തെത്തി. സെൽഫി എടുക്കാൻ ക്യാമറ ഓൺ ചെയ്തപ്പോൾ നിഷ്ങ്കളകമായ ചിരിയോടെ "ദേ എന്നെ കാണുന്നു " വെന്ന് പറഞ്ഞ് ചേർന്നുനിന്നു. പിന്നെ ഒരു കാര്യം കൂടി പറഞ്ഞു. അടുത്തദിവസം വീണ്ടും കിണറ്റിലിറങ്ങുന്നുണ്ട് പോലും, കാട് പറിക്കാനായി.