malarvizhi-manoharan

 

മലർവിഴി മനോഹരൻ... ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിലുള്ള കർഷക. ഏലവും കുരുമുളകും പച്ചക്കറികളും മത്സ്യ പക്ഷിമൃഗാദികളും മൂല്യവർധിത ഉൽപന്നങ്ങളുമൊക്കെയായി സമ്മിശ്ര കൃഷിയിലൂടെ വർഷം ഒരു കോടിക്ക് മുകളിൽ കാർഷികാദായം നേടിയെടുക്കുന്ന കർഷക സ്ത്രീരത്നം. കൃഷിയിലെ ഏതൊരു കഠിന ജോലിയും ചെയ്യാൻ മടിയില്ലാത്ത ഇച്ഛാശക്തിയും നിശ്ചയദാർഡ്യവും ചങ്കുറപ്പുമുള്ള ഉരുക്കു വനിത . കൂടെയുള്ളവർക്ക് ഏതു സമയവും ഉർജ്ജവും തണലും ആശ്രയവുമൊക്കെയാണിവർ. മുപ്പതോളം കുടുംബങ്ങളുടെ തൊഴിൽ ദാതാവ് ... വിശേഷണങ്ങൾ ഇങ്ങനെ ഏറെയുണ്ട് മലർവിഴിക്ക്. ഈ ഒരു വിശേഷണങ്ങൾക്ക് ഹേതുവായ കാര്യങ്ങളിലേക്ക് എത്തും മുമ്പ് മലർ വിഴിയുടെ പൂർവ്വകാലം കൂടി അടുത്തറിയണം. അപ്പോഴെ ഈ കൃഷി വിജയത്തിന്റെ വലുപ്പമറിയൂ ...

 

തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂരിൽ ബിസിനസും ആയിരക്കണക്കിന് ഏക്കർ തോട്ടവുമൊക്കെയുള്ള ജമീന്താർ കുടുംബത്തിലാണ് മലർവിഴി ജനിച്ചത്. കോൺവന്റ് സ്കൂളിൽ ബോർഡിങ്ങിൽ താമസിച്ച് പത്താം ക്ലാസ് വരെ പഠനം . തുടർന്ന് 15-ാം വയസിൽ മറ്റൊരു സമ്പന്ന ജമീന്താർ കുടുംബത്തിലുള്ള മനോഹരനുമായി വിവാഹം. നാലഞ്ചു വർഷങ്ങൾക്കിടയിൽ രണ്ട് പെൺ കുട്ടികളുടെ അമ്മയുമായി മലർവിഴി. ജീവിതം സന്തോഷകരമായി മുന്നേറുമ്പോഴാണ് പൊടുന്നനേ ഭർത്താവിന്റെ ബിസിനസുകൾ തകർന്നത്. ആ തകർച്ചയുടെ ആഴം വലുതായിരുന്നു. ജീവിതം മുന്നോട്ടു തള്ളി നീക്കാനാവതെ , ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ മാനസികമായി കൂടെ തളർന്നപ്പോൾ ആത്മഹത്യയുടെ വക്കിലെത്തി മലർവിഴി. ആ സമയത്ത് മക്കൾക്കു വേണ്ടി നീ ജീവിക്കണമെന്ന് പറഞ്ഞ് ജീവിതത്തിലേക്ക് തിരികെ നടത്തിയത് മലർവിഴിയുടെ അച്ചനാണ്. ഉടുമ്പൻചോലയുടെ മണ്ണ് നിന്നെ രക്ഷപെടുത്തുമെന്ന് അച്ഛൻ പറഞ്ഞപ്പോൾ കയ്യിലുണ്ടായിരുന്ന സ്വർണമെല്ലാം വിറ്റ് മുപ്പത് വർഷം മുൻപ് 10 ഏക്കർ സ്ഥലം ഇവിടെ വാങ്ങി മലർവിഴി. മണ്ണ് എന്താണെന്നും കൃഷി എന്താണെന്നും അറിയാതെ സുന്ദരിയായ 21 കാരി മലർവിഴി, മക്കളെ അമ്മയെ ഏൽപ്പിച്ച്, കാടുപിടിച്ചു കിടക്കുന്ന ഉടുമ്പൻചോലയുടെ മണ്ണിലേക്ക് ഒറ്റയ്ക്ക് വന്നു.

കൊട്ടാരതുല്യമായ വീട്ടിൽ താമസിച്ചവൾക്ക് ഉടുമ്പൻചോലയിൽ എത്തിയപ്പോൾ താമസിക്കാൻ വീടില്ല, പ്രദേശത്ത് വൈദ്യുതിയില്ല, വെള്ളമില്ല, റോഡില്ല, വാഹന സൗകര്യമില്ല , കൂട്ടിന് ആരുമില്ലെന്ന് പോയിട്ട് അയൽപക്കത്ത് പോലും ഒരു വീടില്ല . മലർവിഴി പറമ്പിൽ ഒരു ഷെഡ് കെട്ടി താമസം തുടങ്ങി. രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലതെ വന്യമൃഗങ്ങളുടെ ശല്യവും ഭീകരതയും കണ്ട് പേടിച്ചരണ്ടു യുവതിയായ മലർവിഴി. മണ്ണ് എന്താണെന്നും കൃഷിയെന്താണെന്നും അറിയാതെ കൃഷിയിലൂടെയെങ്കിലും ജീവിതം രക്ഷപെടണമെന്ന് ആഗ്രഹിച്ച് വന്നവൾ. പേടിയും ഒറ്റപെടലും കൂടിയായപ്പോൾ തിരിച്ചു പോകാൻ മനസ് നൂറുവട്ടം പ്രേരിപ്പിച്ചു. പക്ഷേ ജീവിക്കണമെന്ന് മനസിലുണ്ടായിരുന്ന ആ വാശി പിന്നെ മണ്ണിനോടും പ്രകൃതിയോടുമുള്ള പോരാട്ടത്തിന് ധൈര്യം പകർന്നു. വർഷങ്ങൾ നീണ്ടു ആ പോരാട്ടം ...

പരാജയങ്ങളെയും പ്രതിസന്ധികളെയും തോൽപ്പിച്ച് , കുടുംബത്തിന്റെ ഭാരം ഒറ്റയ്ക്ക് തോളിൽ വഹിച്ച് പതിയെ വിജയവഴികളിലേക്ക് നടന്നെത്തി മലർവിഴി ...ഇന്ന് ഇടുക്കി ജില്ലയിലെ അറിയപ്പെടുന്ന മാതൃക കർഷകയാണിവർ. കൃഷിയിൽ സ്വന്തമായി ഒരു വഴി വെട്ടിതുറന്ന ഇവരെ തേടി നിരവധി പുരസ്കാരങ്ങളുമെത്തിയിട്ടുണ്ട്. ജീവിതത്തെ വിജയവഴിയിലെത്തിച്ച അവരുടെ ആ കൃഷി കാഴ്ച്ചകൾ കാണാം.