kizhakkambalam-twenty20

പതിവ് രാഷ്ട്രീയ സങ്കൽപങ്ങളെ മാറ്റി എഴുതുകയാണ് കൊച്ചി കിഴക്കമ്പലത്തെ ട്വന്റി20 കൂട്ടായ്മ. പഞ്ചായത്തിലെ താമസക്കാർക്ക് അഞ്ചുരൂപയ്ക്ക് പാൽ, 10 രൂപയ്ക്ക് അരി, മൂന്ന് രൂപയ്ക്ക് മുട്ട എന്നീ പദ്ധതികൾക്ക് പിന്നാലെ പുതിയ ഭവന പദ്ധതിയുമായി ട്വന്റി ട്വന്റി മുന്നേറുകയാണ്. പഞ്ചായത്തിലെ ഭവന രഹിതർക്കെല്ലാം വീട് വച്ച് നൽകുകയാണ് ഇപ്പോൾ ഇൗ പഞ്ചായത്ത്. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി20 എന്ന പാർട്ടി നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾ അറിയണ്ടേത് തന്നെയാണ്. എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇതത്ര ദഹിക്കുന്നില്ലെന്ന് മാത്രം.

 

സൗജന്യ ആരോഗ്യ പദ്ധതി, പഞ്ചായത്തിൽ സൗജന്യ വൈ– ഫൈ, ഗർഭിണികൾക്ക് പോഷകാഹാരം തുടങ്ങിയ പദ്ധതികളും 36,000 പേരുള്ള കിഴക്കമ്പലം പഞ്ചായത്തിലെ മാത്രം പ്രത്യേകതകളാണ്. പഞ്ചായത്തിലെ ജവങ്ങളെ നാലു വിഭാഗമായി തിരിച്ച് കാർഡ് നൽകിയാണ് പഞ്ചായത്ത് ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നത്. ചുവപ്പു കാർഡുള്ളവർക്ക് എല്ലാം സൗജന്യമാണ്. അഞ്ചു രൂപയ്ക്കു പാലും 10 രൂപയ്ക്ക് അരിയും 10 രൂപയ്ക്ക് അര ലിറ്റർ പാലും മൂന്നു രൂപയ്ക്കു മുട്ടയും 90 രൂപയ്ക്ക് ഒരു കിലോ വെളിച്ചെണ്ണയും 15 രൂപയ്ക്ക് പഞ്ചസാരയും വാങ്ങുന്ന കിഴക്കമ്പലം സ്വദേശികൾക്ക് ട്വന്റി20 അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.

 

രണ്ടു വർഷം മുൻപ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 69 ശതമാനം വോട്ടു നേടിയാണ് ടി20 കിഴക്കമ്പലത്തിന്റെ അധികാരം  പിടിച്ചെടുത്തത്. അഞ്ചു കോടി രൂപ മാത്രം വാർഷിക വരുമാനമുള്ള പഞ്ചായത്തിലേക്ക് പണം നൽകുന്നത് കിറ്റെക്സാണ്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതി പ്രകാരം പഞ്ചായത്തിനെ കിറ്റെക്സ് ഏറ്റെടുത്തിരിക്കുകയാണ്.

 

2020 ആകുമ്പോഴത്തേക്ക് രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്ത് ആവുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ് പറയുന്നു. ദിവസം 12 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് അടച്ചു പൂട്ടിയതും ജനങ്ങളുടെ സമാധാന ജീവിതം മാത്രം ലക്ഷ്യമിട്ടായിരുന്നു.