anitha-sathyan

പ്രാണനാഥന്റെ ജീവിതകഥ വെള്ളിത്തിരയില്‍ കണ്‍നിറയെ കണ്ട് അനിത. വി.പി.സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റന്‍ തിയറ്ററുകളില്‍ ഹര്‍ഷാരവം തീര്‍ക്കുമ്പോള്‍ സിനിമയെ ഹൃദയത്തോടു ചേര്‍ക്കുകയാണ് സത്യന്റെ ഭാര്യ അനിത. ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യയാണ് സത്യനായി പകര്‍ന്നാടിയത്. അനിതയായി എത്തിയത് അനു സിതാരയും. 

ഒരു പതിറ്റാണ്ട് മുമ്പ് വിടപറയാതെ സത്യന്‍ മടങ്ങിയതുവരെയുള്ള സംഭവബഹുലമായ ജീവിതകഥ. സന്തോഷത്തിനൊപ്പം സങ്കടവും നിറഞ്ഞു അനിതയുടെ മുഖത്ത്.  പറയാന്‍ വാക്കുകള്‍ കിട്ടാതെ വിതുമ്പി അവര്‍. പിന്നെ ഒന്നും പറയാനാകാതെ അനിത മടങ്ങി. ഹൃദയത്തില്‍ സത്യേട്ടന്‍ മാത്രം. 

മിഠായിത്തെരുവിലെ രാധാ തിയറ്ററിലാണ് വി.പി.സത്യന്റെ ഭാര്യ അനിത ക്യാപ്റ്റന്‍ സിനിമ കാണാനെത്തിയത്.  ചിത്രീകരണത്തിന്റെ ഒാരോ ഘട്ടത്തിലും ക്യാപ്റ്റന്‍ ടീമിനൊപ്പം ഭര്‍ത്താവിന്റെ ഒാര്‍മകള്‍ പങ്കുവച്ച് അനിതയും ഉണ്ടായിരുന്നു. എണ്ണമറ്റ ആരാധകരുടെ മനസില്‍ നിലയ്ക്കാത്ത തുടിപ്പായി സത്യന്‍ ഉണ്ടെന്ന ഒാര്‍മപ്പെടുത്തല്‍ കൂടിയായി ക്യാപ്റ്റന്‍. ക്യാപ്റ്റന്‍റെ സഹ തിരക്കഥാകൃത്തും ഗാനരചയിതാവുമായ നിധീഷ് നടേരിയും മറ്റ് അണിയറ പ്രവര്‍‌ത്തകരും കോഴിക്കോട്ടെ പത്രപ്രവര്‍ത്തക സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. 

കോഴിക്കോട്ടെ സ്പോര്‍ട്സ് കൗണ്‍സില്‍ ഒാഫിസില്‍ ക്ലറിക്കല്‍ ജീവനക്കാരിയാണ് അനിത.