wife-salute

കുഞ്ഞുമകളുടെ വരവ് ഏറെ സന്തോഷത്തോടെയാണ് വിങ് കമാൻഡർ ദുഷ്യന്തും ഭാര്യ മേജർ കൗമുദ് ദോഗ്രയും സ്വീകരിച്ചത്. മകളെ കാണാൻ ഉടൻ എത്തുമെന്ന് ഭാര്യയ്ക്ക് സന്ദേശമയച്ചിട്ടാണ് ദുഷ്യന്തും അസമിലേക്ക് പോകുന്നത്. പിന്നീട് കൗമുദ് കേൾക്കുന്നത് ഭർത്താവിന്റെ മരണവാർത്തയായിരുന്നു. മജൗലിയില്‍ ഫെബ്രുവരി 15നാണ് വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് വിങ് കമാന്‍ഡര്‍ ദുഷ്യന്തിന്റെ മരണം.

 

മകൾ ജനിച്ചയുടൻ പ്രിയപ്പെട്ടവന്റെ വേർപാട് താങ്ങാവുന്നതിലും അധികമായിരുന്നു. എങ്കിലും ഒരു സൈനികഉദ്യോഗസ്ഥയുടെ മനോധൈര്യം കൈമോശം വരാതെ യൂണിഫോമിൽ അഞ്ചുദിവസം പ്രായമായ മകളെമാറോടണച്ച് മേജർ കൗമുദ് ദോഗ്ര മരണാനന്തരചടങ്ങിന് എത്തി. സൈനിക ബഹുമതികളോടെയുള്ള ചടങ്ങിൽ പ്രിയന് അവസാന സല്യൂട്ട് നൽകി. ആത്മധൈര്യത്തിന്റെ ഈ ചിത്രം ട്വിറ്ററിലൂടെയാണ് പുറത്തുവന്നത്.