കോടനാട്ടെ ആനക്കൂട്ടില്‍ നിന്ന് ആനപ്രേമികളുടെ ഹൃദയത്തിലേക്ക് മദിച്ച് കയറിയ ഗജസൗന്ദര്യം. പൂക്കോട് ശിവനായും പിന്നെ തിരുവമ്പാടി ശിവസുന്ദറായും. നാട്ടാനകളില്‍ ആയിരത്തില്‍ ഒന്നിനുമാത്രമുള്ള അപൂര്‍വ ലക്ഷണത്തികവ്. മനോരമ ന്യൂസ് റിപ്പോര്‍ട്ടറായ പി.ബി.അനൂപിന്‍റെ അനുഭവമെഴുത്ത്
ഈ വാര്‍ത്ത കേള്‍ക്കാനായിരുന്നെങ്കില്‍ രാവ് പുലരേണ്ടിയിരുന്നില്ല എന്ന് വേദനയോടെ മനസില്‍ ഒരു നൂറുവട്ടം പറഞ്ഞ ഒരുപാട്പേരുണ്ടാകും. കാരണം തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞുവെന്ന് കേട്ടപ്പോള്‍ ആന പ്രേമികളുടെ നെഞ്ചില്‍ ഒരുനീറ്റലായിരുന്നു. ഇടനെഞ്ചില്‍ ഒരു കല്ലെടുത്തുവച്ചപോലെ. സ്വന്തക്കാരില്‍ ഒരാള്‍ നഷ്ടമായപോലെ. ഒരു ആന ചരിഞ്ഞാല്‍ ഇത്രയൊക്കെ സങ്കടപ്പെടണമോയെന്ന് ചോദിക്കുന്നവരുണ്ടാകാം. കാര്യമായും കളിയാക്കിയും. ഉത്തരം ഒന്നേ ഉള്ളൂ, ഇത് ഭ്രാന്താണ്. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ പ്രാന്ത്. സാധാരണ ഒളിച്ചുവെയ്ക്കാന്‍ ശ്രമിക്കുന്ന രോഗമാണ് ഭ്രാന്ത്. പക്ഷെ, ആവര്‍ത്തിച്ച് പറയാനും ആഘോഷിക്കാനും ഇഷ്ടപ്പെടുന്ന ഒരേയൊരു ഭ്രാന്താണ് ആനപ്രാന്ത്. ഇങ്ങിനെ ചില ഭ്രാന്തുകളാണല്ലോ നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
പുരാണപ്രകാരം ശിവന്‍ പൗരുഷത്തിന്‍റെ പൂര്‍ണതയാണ്. തലയെടുപ്പുള്ളവനാണ്. രൗദ്രരൂപനാണ്. തിരുവമ്പാടി ശിവസുന്ദറും ആനയഴകിന്‍റെ പൂര്‍ണതയാണ്. തലയെടുപ്പുള്ളവനാണ്. പക്ഷെ ശാന്തനാണ്. വടക്കുനാഥന്‍റെ കൈലാസത്തില്‍ പൂരത്തലേന്ന് അലങ്കാരങ്ങളേതുമില്ലാതെ ആനക്കൂട്ടം മേയുമ്പോള്‍ കണ്ണുകള്‍ തിരയുക ശിവസുന്ദറിനെയാകും. ചുവന്ന പശ്ചാത്തലത്തില്‍ സ്വര്‍ണനിറത്തില്‍ കൊത്തിവെച്ച ' മാതംഗകേസരി തിരുവമ്പാടി ദേവസ്വം ശിവസുന്ദര്‍' പേര് ആഴത്തില്‍ പതിഞ്ഞുകിടക്കുന്നത് ഒാരോ ആനപ്രാന്തന്‍റെയും പൂരപ്രേമിയുടെയും മനസിലാണ്. അവന്‍റെ കൊമ്പില്‍തൊടുമ്പോള്‍ ശാന്തതയുടെ തണുപ്പറിയാം. തലയ്ക്കുമേല്‍ തിളച്ചുമറിയുന്ന മീനസൂര്യനെ മസ്തകത്തിലേറ്റുവാങ്ങുന്ന ആ തലയെടുപ്പ് കാണാം. നടന്ന് നടന്ന് കാണേണ്ടതാണ് തൃശൂര്‍പൂരം. കണ്ട് കണ്ട് നില്‍ക്കേണ്ടതാണ് ശിവസുന്ദറിനെ. ഭരത് ഗോപി കൊടിയേറ്റത്തില്‍ ലോറിയെ നോക്കി ‘എന്തൊരു സ്പീഡാ...!’ എന്നതിശയിക്കുന്നപോലെ. ‘എന്തൊരു തലയെടുപ്പാ...!’ എന്ന് അശയിച്ച് പറയും.
കോടനാട്ടെ ആനക്കൂട്ടില്‍ നിന്ന് ആനപ്രേമികളുടെ ഹൃദയത്തിലേക്ക് മദിച്ച് കയറിയ ഗജസൗന്ദര്യം. പൂക്കോട് ശിവനായും പിന്നെ തിരുവമ്പാടി ശിവസുന്ദറായും. നാട്ടാനകളില്‍ ആയിരത്തില്‍ ഒന്നിനുമാത്രമുള്ള അപൂര്‍വ ലക്ഷണത്തികവ്. പത്തടിയോടടുത്ത ഉയരം. കാട്ടുതേനിന്‍റെ നിറമുള്ള കണ്ണുകള്‍, ഉയര്‍ന്ന വായുകുംഭം, നല്ല തലക്കുന്നി, വിരിഞ്ഞമസ്തകം, 18 നഖങ്ങള്‍, ഗാംഭീര്യമാര്‍ന്ന ഉടല്‍, നിലംതൊട്ടിഴയുന്ന ഭംഗിയുള്ള തുമ്പിക്കൈ, എഴുത്താണിപോലെ വാല്‍, മുഖവും ചെവിയും മസ്തകവും തമ്മില്‍ ഒരു നൂലിഴകൂടുതലോ കുറവോ ഇല്ലാത്ത കൃത്യമായ അനുപാതം, മുകളില്‍ നിന്ന് തുടങ്ങി താഴേയ്ക്ക് വന്ന് പിന്നെ മുകളിലേയ്ക്ക് ഒരൊഴുക്ക് പോലെ പോകുന്ന കൊമ്പ് അഴകിന്‍റെ അളവുകളെല്ലാം കിറുകൃത്യം. ആകെയൊരു പോരായ്മ പറയാനുള്ളത് ഇത്തിരി കുറഞ്ഞ ഇടനീളമാണ്. അതുമൊരു ആനച്ചന്തം. മദപ്പാടില്‍പ്പോലും ശാന്തന്‍. നില്‍പ്പിലും നടപ്പിലും തീറ്റിയിലും രാജകീയത കണ്ടറിയുന്നു ആനപ്രേമികള്‍. തുമ്പിക്കൈയിലെടുത്ത വെള്ളം കല്ലില്‍കൊത്തിയെടുത്ത അവന്‍റെ പെരുത്ത ശരീരത്തില്‍ പെരുമഴത്തുള്ളികളായി ചിതറി വീഴുമ്പോള്‍ കുളിരുന്നത് കാഴ്ച്ചക്കാരുടെ ഉള്ളാണ്. കുട്ടികളുള്‍പ്പെടെ കൂട്ടത്തോടെ കാത്തുകാത്ത് നിന്ന് കാണുന്ന കുളിസീന്‍.
2007 ഫെബ്രുവരി 6 ന് കോട്ടയത്ത് നടന്ന ഗജരാജ സംഗമത്തിലാണ് ശിവസുന്ദറിന് കളഭ കേസരിപ്പട്ടം കിട്ടിയത്. ഒരു വര്‍ഷം കഴിഞ്ഞ് മാതംഗകേസരി പട്ടം. ആരാധകര്‍ ഉള്ളുതൊട്ട് വിളിച്ച വിശേഷണങ്ങള്‍ അനവധി. ഫാന്‍സ് അസോസിയേഷനുകള്‍. 2003 ഫെബ്രുവരി 15നാണ് തിരുവമ്പാടി കണ്ണനുമുന്നില്‍ നടയ്ക്കിരുത്തിയത്. തിരുവമ്പാടി തട്ടകത്തിന് അതുമൊരു ചെറുപൂരമായിരുന്നു. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി കൃഷ്ണന്‍റെ സാന്നിധ്യമുള്ള ഭഗവതിയുെട പൊന്‍തിടമ്പേന്തി തിരുവമ്പാടി ചന്ദ്രശേഖരന്‍റെ ചരിത്രവഴിയേ നടന്നുകയറി. പൂരത്തിന് ജനസമുദ്രത്തിനൊപ്പം തെക്കോട്ടിറങ്ങി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചന്ദ്രശേഖരന്‍റെ പള്ളയ്ക്ക് കുത്തി ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. ദീര്‍ഘകാലം ചികില്‍സയിലായിരുന്ന ചന്ദ്രശേഖരന്‍ പിന്നീട് ചരിഞ്ഞു. ആ സങ്കടം മാറ്റിയത് ശിവസുന്ദറിന്‍റെ വരവായിരുന്നു. ശിവസുന്ദര്‍ ഉള്‍പ്പെടെ പേരെടുത്ത ആനകളുടെ ചിത്രങ്ങള്‍ ഉല്‍സവ നോട്ടീസുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും വെട്ടിയെടുത്ത് വീടിന്‍റെ നിറംമങ്ങിയ ചുവരുകളിലും വരയിട്ട നോട്ടുപുസ്തകങ്ങളിലും ഒട്ടിച്ച് സൂക്ഷിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. തൃശൂര്‍ പൂരം മാത്രമല്ല കൂടല്‍മാണിക്യം ഉല്‍സവം, ആറാട്ടുപുഴപ്പൂരം, പെരുവനംപൂരം, നെന്മാറ വല്ലങ്ങിവേല തുടങ്ങി ഉല്‍സവവേളകളെ ശിവസുന്ദര്‍ പ്രൗഢഗംഭീരമാക്കി. അവശതകള്‍ അതിജീവിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു.
ഒരോ പൂരവും പിരിയുന്നത് അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന് ഉപചാരം ചൊല്ലിപ്പിരിഞ്ഞാണ്. പിന്നെ കാത്തിരിപ്പാണ്. ശിവസുന്ദറിന്‍റെ തലയെടുപ്പ് തെക്കോട്ടിറങ്ങിയത് കാത്തിരിപ്പ് ബാക്കിവെയ്ക്കാതെയാണ്. അതൊരുവല്ലാത്ത പോക്കായിരുന്നു. ആനപ്രേമികള്‍ വെറുതെ മോഹിക്കുന്നുണ്ടാകാം ആ ചങ്ങലക്കിലുക്കം ഒന്നുകൂടെ കേള്‍ക്കാന്‍.