രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയത്തിൽ തന്നെ ഭാഗ്യാന്വേഷണം നടത്തുന്ന പുതിയ കാലത്താണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിതിന്റെ സിവിൽ സർവീസ് പരീക്ഷാ വിജയം ശ്രദ്ധേയമാകുന്നത്. 210-ാമത്തെ റാങ്ക് നേടിയാണ് രമിത് രാജ്യത്തെ ഏറ്റവും വലിയ മൽസര പരീക്ഷയിൽ വിജയിയായത്. വിജയവഴിയിലെ അച്ഛന്റെ സ്വാധീനത്തെ പറ്റി, രാഷ്ട്രീയത്തെ പറ്റി രമിത് മനോരമ ന്യൂസ് ഡോട്ട് കോമുമായി സംസാരിക്കുന്നു.
മറ്റൊരു റാങ്കിന്‍റെ കഥ: അമ്മായിയും കുട്ട്യോളും പഠിച്ചു: സമീരയുടെ റാങ്കിനുപിന്നിലെ കയ്പും മധുരവും
അച്ഛനെന്ന സ്വാതന്ത്ര്യം
കുട്ടിക്കാലം മുതലേ തിരക്കിൽ നിന്ന് തിരക്കിലേക്ക് നീങ്ങുന്ന അച്ഛനെ കണ്ടാണ് വളർന്നത്. കൂടുതൽ നേരവും ചെലവിട്ടത് അമ്മയ്ക്കൊപ്പം തന്നെ. കുട്ടിക്കാലത്തെ കുറുമ്പുകൾക്ക് അമ്മയിൽ നിന്ന് അടി കിട്ടിയിരുന്നെങ്കിലും തനിക്കും ജ്യേഷ്ഠൻ രോഹിതിനും അച്ഛൻ വലിയ സ്വാതന്ത്ര്യമാണ് നൽകിയിരുന്നതെന്ന് രമിത് പറയുന്നു. എത്ര തിരക്കുള്ളപ്പോഴും ദിവസം ഒരു നേരമെങ്കിലും രണ്ടു മക്കളോടും സംസാരിക്കാൻ നേരം കണ്ടെത്തുന്ന അച്ഛൻ മനസിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
അച്ഛന്റെ സ്വാധീനവും അച്ഛൻ നൽകിയ സ്വാതന്ത്ര്യവുമാണ് ഈ നേട്ടത്തിലേക്ക് വഴി വച്ചതെന്നും കരുതുന്നു രമിത്. സിവിൽ സർവീസ് അഭിമുഖത്തിന് ഡൽഹിയിലേക്ക് പോയപ്പോൾ തിരക്കുകൾക്കിടയിലും ഒപ്പമെത്തിയ അച്ഛൻ പകർന്നു നൽകിയ ആത്മവിശ്വാസവും തന്റെ വിജയത്തിന് കാരണമായെന്ന് രമിത് പറയുന്നു.
സിവിൽ സർവീസെന്ന വഴി
എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ് രമിത്. തിരുവനന്തപുരം നാലാഞ്ചിറ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിങിൽ നിന്ന് ബിരുദം പൂർത്തിയാക്കിയത് 2014ൽ. പഠനം പൂർത്തിയാക്കിയതിനു പിന്നാലെ ഒട്ടേറെ ഐടി കമ്പനികളിൽ ജോലിയും കിട്ടി. പക്ഷേ ആ കാലത്ത് തന്നെ മനസിൽ ഐഎഎസ് മോഹവും ഉദിച്ചു.വീട്ടിൽ അച്ഛന്റെയും അമ്മയുടെയും ജ്യേഷ്ഠന്റെയും പിന്തുണ കൂടി കിട്ടിയതതോടെ സിവിൽ സർവീസിന് ശ്രമം തുടങ്ങി. പബ്ലിക് അഡ്മിനിസ്ട്രേഷനാണ് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത്. ആദ്യ ശ്രമത്തിൽ പ്രിലിമിനറി പോലും കടക്കാനായില്ല. രണ്ടാം ശ്രമത്തിൽ ഇൻറർവ്യൂവോളം എത്തിയെങ്കിലും പരാജയപ്പെട്ടു. മൂന്നാമത്തെ ഉദ്യമത്തിലാണ് ഈ റാങ്ക് നേട്ടം.
ഒരു വട്ടം കൂടി
ഐഎഎസ് ലക്ഷ്യമിട്ടായിരുന്നു പഠനം. രണ്ടാമത്തെ ഓപ്ഷനായി ഐഎഫ്എസും മൂന്നാമത്തെ ഓപ്ഷനായി ഐപിഎസുമാണ് നൽകിയിരുന്നത്. ഇരുന്നൂറ്റി പത്താം റാങ്കായതു കൊണ്ടു തന്നെ ഐഎ എസിനും ഐഎഫ്എസിനും ഉള്ള സാധ്യത മങ്ങി. ഐപിഎസ് കിട്ടാനാണ് സാധ്യതയേറെ. അതു കൊണ്ടു തന്നെ ഒരു തവണ കൂടി ഐഎഎസിനായി ശ്രമിക്കാനാണ് തീരുമാനം. മുസൂറിയിലെ സിവിൽ സർവീസ് അക്കാദമിയിൽ ഫൗണ്ടേഷൻ കോഴ്സ് പൂർത്തിയാക്കിയ ശേഷം അവധിയെടുത്ത് വീണ്ടും പരീക്ഷയ്ക്ക് തയാറെടുക്കാനുള്ള അവസരമുണ്ട്. ആ അവസരം പ്രയോജനപ്പെടുത്തും. അടുത്ത വർഷം കൂടുതൽ മികച്ച റാങ്ക് കിട്ടിയാൽ ഐഎഎസിലേക്കോ ഐഎഫ്എസിലേക്കോ മാറും. ഇല്ലെങ്കിൽ ഐപിഎസിൽ തന്നെ തുടരും.
അച്ഛന്റെ മകൻ
അച്ഛനു കീഴിൽ ജോലി ചെയ്യണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അങ്ങിനെ ഒരു അവസരം കിട്ടിയാൽ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം അതു തന്നെയെന്ന് പറയുന്നു രമിത് .
ബഹുത് ബഡിയാ കിയാ
പഠിച്ചതും വളർന്നതുമെല്ലാം ഡൽഹിയിൽ ആയതു കൊണ്ടു തന്നെ അച്ഛനുമായി രമിത് സംസാരിക്കാറുള്ളതേറെയും ഹിന്ദിയിലാണ്. സിവിൽ സർവീസ് നേട്ടമറിഞ്ഞ് വിളിച്ച അച്ഛന്റെ ആദ്യ അഭിനന്ദനവും ഹിന്ദിയിൽ തന്നെയായിരുന്നു. ‘ബഹുത് ബഡിയാ കിയാ..’
രാഷ്ട്രീയ വഴി
ദേശീയ രാഷ്ട്രീയത്തിൽ ഇന്ദിരാഗാന്ധിയുടെ ആരാധകനാണ് രമിത്. കേരളത്തിലെ പ്രിയ നേതാവ് അച്ഛൻ രമേശ് ചെന്നിത്തല തന്നെയെന്നും പറയുന്നു രമിത്. ചെയ്യുന്ന ജോലിയിലെ ആത്മാർഥത ഉയരങ്ങളിലെത്തിക്കുമെന്ന ആത്മവിശ്വാസം കൂടിയാണ് ഇരുവരുടെയും ജീവിതങ്ങൾ പകർന്നു നൽകുന്നതെന്നും രമിത് പറഞ്ഞു വയ്ക്കുന്നു.
സാധ്യതയില്ലാത്ത രാഷ്ടീയ പ്രവേശനം
അച്ഛൻ എന്നതിനപ്പുറം രമേശ് ചെന്നിത്തലയെന്ന രാഷ്ട്രീയക്കാരന്റെയും കടുത്ത ആരാധകനാണ് രമിത്. പക്ഷേ അച്ഛന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള സാധ്യതയെ പറ്റി ചോദിച്ചാൽ തീരെ ഇല്ലന്നു തന്നെ തറപ്പിച്ചു പറയും രമിത്. ഒരു മികച്ച സിവിൽ സർവന്റ് ആവുകയെന്നതു മാത്രമാണ് മുന്നിലുള്ള ലക്ഷ്യം. അതിനായി നൂറു ശതമാനം ആത്മാർപ്പണം ചെയ്യാനുള്ള മനസുണ്ട്. ആ മനസ് പാകപ്പെടുത്തിയതിന് കാരണക്കാരനായ അച്ഛന് ഒരിക്കൽ കൂടി നന്ദി പറഞ്ഞ് രമിത് നിർത്തി.
നാല് വൻ ജോലികൾ കളഞ്ഞു; ആ 'ആശയക്കുഴ'പ്പത്തിനൊടുവിൽ സ്വപ്നത്തിലേക്ക്...