sameera-exclusive

'അമ്മായി, ന്‍റെ കൂടെ ക(ളി)ച്ചാൻ വരാമോ?' 

'ഇല്ലല്ലോ കുക്കു, അമ്മായിക്ക് ഒത്തിരി പഠിക്കാനുണ്ടല്ലോ'.

'അമ്മായി പ(ഠി)ച്ചു കയിയുബം വരാമോ?'

'അമ്മായി പഠിച്ചു ഇപ്പോഴൊന്നും കഴിയില്ലല്ലോ കുക്കു'

'അയെന്ന അമ്മായി പച്ചു കയിയാത്തെ, അമ്മായി പൊറ്റി(ട്ടി)യാണോ?'

 

മൂന്നരവയസുകാരി കുക്കു ഇനി പറയില്ല, അമ്മായി പൊട്ടിയാണെന്ന്, കാരണം കുക്കുവിന് അറിയാം. അമ്മായിയുടെ പഠിത്തം കഴിഞ്ഞ് പരീക്ഷ ജയിച്ചുവെന്ന്. കുഞ്ഞു പരീക്ഷയൊന്നുമല്ല കുക്കുവിന്റെ സമീര അമ്മായി ജയിച്ചത്. സിവിൽ സർവീസ് എന്ന കടുപ്പമേറിയ പരീക്ഷയിൽ 28–ാം റാങ്കാണ് നേടിയിരിക്കുന്നത്. കടന്നുവന്ന കഠിന വഴികളെക്കുറിച്ചും പറയുമ്പോൾ സിവിൽ സർവീസ് ജേതാവ് സമീരയ്ക്ക് ചേട്ടന്റെ മക്കളെക്കുറിച്ച് പറയാതിരിക്കാനാവില്ല. കാരണം മൂന്നുവയസുകാരി കുക്കുവും(ഉത്തര), ആറുവയസുകാരൻ കിച്ചുവും(സാർഥക്) അവർ പോലുമറിയാതെ സമീരയ്ക്ക് പഠിക്കാൻ പ്രചോദനമായിട്ടുണ്ട്.

 

 

പഠനം എങ്ങനെ രസകരമായി മുന്നോട്ടുകൊണ്ടുപോകാമെന്ന് സമീരയെ പഠിപ്പിച്ചത് ഈ കുട്ടികളാണ്. നീണ്ട പഠനത്തിന്റെ വിരസത സമീര മാറ്റിയിരുന്നത് കുട്ടികൾക്കൊപ്പം ഭൂപടം വരച്ചും ചരിത്രകഥകൾ പറഞ്ഞുകൊടുത്തുമായിരുന്നു. യുപിഎസി സിലബസിലെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ മുഷിപ്പില്ലാതെ പഠിക്കാൻ ഇത്തരം ഇടവേളകൾ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് ഈ റാങ്ക് ജേതാവ് പറയുന്നു.

 

 

നാട്ടകം ഗവ. കോളേജ് റിട്ട. പ്രൊഫ. കോട്ടയം കഞ്ഞിക്കുഴി പള്ളിപ്പറമ്പില്‍ പരേതനായ സലീം ജോര്‍ജിന്റെയും കാരിത്താസ് ആയുര്‍വേദ ആശുപത്രിയിലെ ഡോ.അയിഷയുടെയും മകളാണ് സമീര. അഞ്ച് വർഷം മുന്‍പ് അച്ഛൻ സലിം ജോർജ്ജ് മരിച്ചു. മരണംവരെയും മകൾ സിവിൽസർവീസ് പരീക്ഷയെഴുതി വിജയിക്കണമെന്ന മോഹം അച്ഛൻ പറഞ്ഞിരുന്നില്ല. വളരെ യാദൃച്ഛികമായി സമീര തന്നെ സിവിൽ സർവീസ് പഠനത്തിലേക്ക് തിരിഞ്ഞപ്പോൾ അമ്മയാണ് അച്ഛൻ മകളോട് പറയാതെ സൂക്ഷിച്ച ആ ആഗ്രഹം വെളിപ്പെടുത്തുന്നത്. പിന്നീടങ്ങോട് പഠനം തപസായിരുന്നു. തനിക്ക് ലഭിച്ച 28–ാം റാങ്ക് അച്ഛന് തന്നെയാണ് സമീര സമർപ്പിക്കുന്നത്.

 

 

2015-ലാണ് െഎ.എ.എസ്. പരീക്ഷാ പരിശീലനത്തിനായി പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്. മോക്ക് ഇന്റർവ്യൂവുകൾക്കായി തിരുവനന്തപുരത്തെ ഒന്നുരണ്ട് സ്ഥാപനങ്ങളിലും പഠിച്ചു. പത്താം ക്ളാസ് വരെ മലയാളം മീഡിയത്തിലായിരുന്നു പഠനം. അതുകൊണ്ട് തന്നെ മലയാളമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്. പഠനം തുടങ്ങിയപ്പോൾ മുതൽ ഐഎഎസ് എന്ന ഒറ്റ സ്വപ്നം മാത്രമായിരുന്നു മനസിൽ. അത് ലക്ഷ്യംവച്ചുകൊണ്ടായിരുന്നു പഠനം. കേരളകേഡർ കിട്ടമണമെന്നാണ് സമീരയുടെ ആഗ്രഹം. 

 

കോട്ടയം മൗണ്ട് കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പത്താം ക്ളാസില്‍ പാസായത് 15-ാം റാങ്കോടെ. ഗിരിദീപം ബഥനി സ്‌കൂളില്‍നിന്ന് 12-ാം ക്ളാസ് വിജയിക്കുന്നതും ഉയർന്ന റാങ്കോടെയായിരുന്നു.

പഠനകാര്യത്തിൽ മുൻപന്തിയിൽ തന്നെയായിരുന്നു സമീര എന്നും. ചെന്നൈ സ്റ്റെല്ലാ മേരീസില്‍. സ്വര്‍ണമെഡലോടെയാണ് ബി.എസ്.സി വിജിയിച്ചത്.. ഫിസിക്സില്‍ വിജയം നേടി, അതിന് ശേഷം എം.എസ്.സി. പഠനം ധ്യാന്‍ബാദ് െഎ.െഎ.ടി.യില്‍. തുടർന്ന് 2010ൽ ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ബോണിൽ നിന്നും  അഞ്ച് വര്‍ഷത്തെ ഗവേഷണ ഉദ്യോഗവൃത്തിയും കഴിഞ്ഞാണ് സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് സമീര എത്തുന്നത്. 

പഠനത്തോടൊപ്പം നൃതത്തിലും പാട്ടിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2003-ല്‍ സി.ബി.എസ്.സി. സംസ്ഥാന കലോത്സവത്തിലെ കലാതിലകം കൂടിയാണ് ഈ സിവിൽ സർവീസ് ജേതാവ്. 

സിവിൽ സർവീസ് നേടിയ മകനോട് ചെന്നിത്തല പറഞ്ഞു: ബഹുത് ബഡിയാ കിയാ..!