‘പ്രിയമുള്ളവരെ, എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. എന്റെ പേജിൽ ഇന്നലെ വന്ന പോസ്റ്റുകൾ ഞാൻ ഡിലീറ്റ് ചെയ്തു. വേട്ടവകാശം പോലുമില്ലാത്ത ഞാൻ ഏതു പാർട്ടിക്കാണ് വോട്ട് ചെയ്യേണ്ടത്. എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. അങ്ങനെ പറയുന്നവരെ കല്ലെറിയാൻ ആർക്കും അവകാശമില്ല.’
മണിക്കൂറുകൾക്ക് മുൻപ് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. ഇന്നലെ അമലിന്റെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചായിരുന്നു. എന്നാൽ ഇപ്പോൾ ആ പോസ്റ്റുകൾ തന്റെതല്ലെന്ന് അമല്‍ വിശദീകരിക്കുന്നു. താൻ ബിജെപിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഇന്നലെ പ്രചരിച്ച പോസ്റ്റുകൾ. കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിയെ പരിഹസിച്ചും സ്വന്തം രാഷ്ട്രീയ താൽപര്യം വ്യക്തമാക്കിയും അമൽ രംഗത്ത് എത്തിയപ്പോള്‍ ഒരുകൂട്ടര്‍ കയ്യടിച്ചു, മറുകൂട്ടര്‍ രോഷത്തോടെ രംഗത്തെത്തുകയും ചെയ്തിരുന്നു.
അമൽ രാഹുൽ ഗാന്ധി വിഷണ്ണനായി ഇരിക്കുന്ന ഒരു ചിത്രമാണ് ആദ്യം പോസ്റ്റ് ചെയ്തത്. ഒപ്പം ഒരു പരിഹാസവരിയും പോസ്റ്റ് ചെയ്തു. എന്നാൽ അധികം വൈകാതെ അത് പിൻവലിച്ചു. അതിനുശേഷം അച്ഛന്റെ വോട്ട് കോൺഗ്രസിന്, എന്റെ വോട്ട് ബിജെപിക്ക് എന്ന് നിലപാട് വ്യക്തമാക്കി തന്നെ കുറിപ്പിട്ടു. സമൂഹമാധ്യമത്തിലെ ഈ തുറന്നുപറച്ചില്‍ ആളുകള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് കഥയിലെ ട്വിസ്റ്റ്. എന്നാൽ ഇപ്പോൾ അതെല്ലാം പിൻവലിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമല്‍. പക്ഷേ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആരെയും കല്ലെറിയരുതെന്ന പോസ്റ്റ് പുതിയ ചർച്ചകൾക്കാണ് വഴിയിട്ടിരിക്കുന്നത്.