ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ, ഗതികെട്ടതോടെ വെള്ളത്തിലിറങ്ങി മീൻപിടിത്തം പഠിച്ച പുലികളുടെ കഥയാണിപ്പോൾ ശാസ്ത്ര ലോകത്തെ ആശ്ചര്യപ്പെടുത്തുന്നത്. തെക്കേ ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയില്‍ ഇത് ശൈത്യകാലമാണ്. മൃഗങ്ങൾക്ക് ഭക്ഷണത്തിന് ക്ഷാമം. ഈ അവസ്ഥയിലാണ് പുള്ളിപ്പുലിയുടെയും മക്കളുടെയും വെള്ളത്തിലിറങ്ങിയുള്ള മീൻ വേട്ട.
നിറയെ വെള്ളമുള്ള തടാകത്തിലായിരുന്നു അമ്മയുടെയും മക്കളുടെയും മീന്‍പിടുത്തം രാത്രിയില്‍ വേട്ടക്ക് നേതൃത്വം കൊടുത്തത് അമ്മ തന്നെയാണ്. വെള്ളത്തിലേക്കിറങ്ങി മീനിനെ പിടിക്കാന്‍ നടത്തിയ ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലു മൂന്നാം തവണ അമ്മ വിജയം കണ്ടു. ഇതോടെ കുട്ടികള്‍ക്കും ആവേശമായി. തങ്ങളേക്കാള്‍ വലിയ രണ്ട് മീനുകളെ പിടിച്ചാണ് അവര്‍ തടാകത്തില്‍ നിന്ന് തിരികെ കയറിയത്.
ഇതാദ്യമായാണ് വെള്ളം നിറഞ്ഞു കിടക്കുന്ന തടാകത്തില്‍ നിന്ന് പുള്ളിപ്പുലികള്‍ മീന്‍ പിടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുന്നത്. ബിബിസി എര്‍ത്ത് എന്ന പരിപാടിയുടെ ഭാഗമായാണ് പുള്ളിപ്പുലികളുടെ അതിജീവനത്തിനായുള്ള ഈ പോരാട്ടത്തിന്റെ വിജയം ക്യാമറയില്‍ പകര്‍ത്തിയത്.