train-tragedy-perumon

ട്രെയിൻ ദുരന്തദിനാചരണത്തിനു പെരുമണിലെത്തിയ റെയിൽവേ റിട്ട. ജീവനക്കാരൻ ട്രെയിൻ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പെരുമൺ മുണ്ടയ്ക്കൽ സ്വദേശി സക്കറിയയെ (87) സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ രാജേഷ്കുമാറാണ് അപകടത്തിൽ നിന്നു രക്ഷിച്ചത്.

 

പെരുമൺ ട്രെയിൻ ദുരന്ത ദിനാചരണ കമ്മിറ്റിയുടെ സ്മൃതിദിനാചരണം കഴിഞ്ഞു ട്രാക്കിലൂടെ നടന്നുനീങ്ങുകയായിരുന്നു സക്കറിയ. ഈ സമയം കൊല്ലം ഭാഗത്തു നിന്നു ട്രെയിൻ വരുന്നതു കണ്ടു മറ്റേ ട്രാക്കിലുണ്ടായിരുന്നവർ ബഹളം വച്ചെങ്കിലും കേൾവിക്കുറവുള്ള സക്കറിയ അറിഞ്ഞില്ല. ലോക്കോപൈലറ്റ് ഹോൺ മുഴക്കി. ഊന്നുവടിയുടെ സഹായത്തോടെ നടക്കുകയായിരുന്ന സക്കറിയയ്ക്കു പാളത്തിൽ നിന്നു പെട്ടെന്ന് ഇറങ്ങാൻ പ്രായാധിക്യവും അവശതയും മൂലം കഴിയുമായിരുന്നില്ല. മലയാള മനോരമയ്ക്കു വേണ്ടി ചടങ്ങിന്റെ വാർത്ത തയാറാക്കാനെത്തിയ രാജേഷ്കുമാർ ഉടൻ ഓടിയെത്തി സക്കറിയയെ ട്രാക്കിനു വെളിയിലേക്കു വലിച്ചുമാറ്റുകയായിരുന്നു. 

 

പിന്നാലെ ഇരുവരുടെയും സമീപത്തുകൂടി കൊച്ചുവേളി –ലോക്മാന്യതിലക് ഗരീബ്‌രഥ് എക്സ്പ്രസ് കടന്നുപോയി. കാലുകളുടെ സാധീനക്കുറവുമൂലം ട്രാക്കിൽ നിന്നു മാറാനാകാതെ താൻ മരണത്തെ മുന്നിൽക്കണ്ടെന്നു സക്കറിയ പറഞ്ഞു.സമയോചിത ഇടപെടലിന് അവിടെയുണ്ടായിരുന്നവർ രാജേഷ്കുമാറിനെ അഭിനന്ദിച്ചു.