വെള്ളിയാഴ്ച തോട്ടിൽ കാണാതായ ഏഴു വയസുകാരനായ പേര്യ തയ്യുള്ളതിൽ അയൂബിന്റെ മകൻ അജ്മലിനായുളള തിരച്ചിലിലായിരുന്നു വെള്ളിയാഴ്ച ഉച്ചമുതൽ ഇന്നലെ ഉച്ചവരെ പേര്യ ഗ്രാമമൊന്നാകെ. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് റവന്യു അധികൃതരുടെ നേതൃത്വത്തിൽ രണ്ടു ദിവസം തിരച്ചിൽ നടത്തിയെങ്കിലും പുരോഗതി ഉണ്ടായിരുന്നില്ല. തുടർന്ന് ഞായറാഴ്ച്ച കൊച്ചി നേവിയുടെയും കാസർകോട് തൃക്കരിപ്പൂരിൽനിന്നുള്ള കോസ്റ്റൽ പൊലീസിന്റെയും തുർക്കി ജീവൻരക്ഷാ സേനയുടെ സംഘങ്ങളും നാട്ടുകാർക്കൊപ്പം തിരച്ചിലിൽ പങ്കെടുത്തു. വാളാട് നിന്ന് ഒട്ടേറെ പേരാണ് തിരച്ചിലിൽ പങ്കെടുത്തത്. ഉൗണും ഉറക്കവും ഉപേക്ഷിച്ച് ദിവസങ്ങൾ തിരച്ചിലിന് മുന്നിട്ടിറങ്ങിയവർക്ക് നന്ദിപറയാൻ കൊടിയ വേദനക്കിടയിലും അജ്മലിന്റെ പിതാവ് അയൂബ് തയാറായി.
നിത്യവും നടന്നുപോകുന്ന വഴിയരികിലെ കൊച്ചുതോട്ടിൽ വീണ് മകന്റെ ജീവന്‍ നഷ്ടമായ വിവരം ഉൾക്കൊളളാൻ അയ്യൂബിനും ഭാര്യ റസീനക്കും കഴിഞ്ഞിട്ടില്ല. ഒഴുക്കിൽ പെട്ട വിവരം അറിഞ്ഞത് മുതൽ കബറടക്കം കഴിയും വരെ ഒരു നാടാകെ അയൂബിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. ഒ.ആർ. കേളു എംഎൽഎ, സബ്കലക്ടർ എൻ.എസ്.കെ. ഉമേഷ്, എഡിഎം കെ.എം. രാജു, മാനന്തവാടി തഹസിൽദാർ എൻ.ഐ. ഷാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ, തലപ്പുഴ എസ്ഐ അനിൽകുമാർ തുടങ്ങിയവർ തിരച്ചിലിനു നേതൃത്വം നൽകി.
പാറത്തോട്ടം സെന്റ് മേരീസ് ഇടവകയാണ് തിരച്ചിലിന് എത്തിയവർക്ക് ഭക്ഷണം ഒരുക്കിയത്. വെള്ളത്തിൽ മുങ്ങാനും തിരയാനും പരിചയമുളള ആളുകൾ ദൂരദിക്കിൽനിന്നുപോലും എത്തി. കൊട്ടിയൂർ വനത്തിലൂടെ വളപട്ടണം പുഴയിൽ പതിക്കുന്ന തോട്ടിലാണ് അജ്മൽ അകപ്പെട്ടത്. ആദ്യ ദിവസങ്ങളിൽ മൃതദേഹം കണ്ടെത്താത്തതിനാൽ കണ്ണൂർ ജില്ലാ ഭരണകൂടത്തെയും വിവരം അറിയിച്ചിരുന്നു. അടിയന്തര സഹായമായി 10,000 രൂപ ഇന്നലെ എംഎൽഎ ഒ.ആർ. കേളു കുടുംബത്തിന് കൈമാറി. റവന്യു വകുപ്പിന്റെ തുടർ സഹായം വരും ദിവസങ്ങളിൽ ലഭിക്കും.