mbappe-charity

അമ്പമ്പോ... ഇൗ എംബാപ്പെ...! കളിക്കളത്തിൽ മാത്രമല്ല. ലോകകപ്പിന് ശേഷവും ഇൗ പത്തൊൻപതുകാരന്‍ വിസ്മയിപ്പിക്കുകയാണ്. ലോകകപ്പ് ഫ്രാൻസിന്റെ ഷെൽഫിൽ ഭദ്രമായി എത്തിക്കുകയും പന്ത് കൊണ്ട് വലകുലുക്കി ലോകത്തിന്റെ മുത്തം നേടിയ ഇൗ കൗമാരക്കാരൻ ഗ്രൗണ്ടിന് പുറത്ത് തനിക്ക് എന്തു ചെയ്യാനാകും എന്നു പറയുക മാത്രമല്ല കാണിച്ച് തരികയും ചെയ്യുന്നു.

ഫ്രാന്‍സ് ടീമിന് വേണ്ടി കളിക്കുമ്പോൾ ലഭിക്കുന്ന വരുമാനം സന്നദ്ധ സംഘടനകള്‍ക്ക് നല്‍കുമെന്ന് എംബാപ്പെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ ലോകകപ്പില്‍ തനിക്ക് ലഭിച്ച അഞ്ച് ലക്ഷം ഡോളര്‍(മൂന്നര കോടിയോളം രൂപ) ഭിന്നശേഷിക്കാരായ പിഞ്ചു കുഞ്ഞുങ്ങളെ സഹായിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് സംഭാവന ചെയ്തിരിക്കുകയാണ്. ലോകകപ്പ് ടൂര്‍ണമെന്റില്‍ നിന്ന് 553,000 ഡോളറാണ് (3.79 കോടി രൂപ) എംബാപ്പെക്ക് സമ്പാദിക്കാനായത്. 

ഇൗ സമ്പാദ്യം മുഴുവൻ ജീവകാരുണ്യപ്രവർത്തനത്തിനായി മാറ്റിവയ്ച്ചു എംബാപ്പെ. ഒരു മത്സരത്തില്‍ നിന്ന് 29,000 ഡോളറാണ് താരത്തിന്റെ പ്രതിഫലം. ഒപ്പം കിരീടം നേടിയ ടീമിനുള്ള ബോണസും കൂട്ടിയാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക താരങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയത്.

പ്രിയേഴ്‌സ് ദെ കോര്‍ഡീസ് അസോസിയേഷന്‍ എന്ന ചാരിറ്റബിള്‍ സംഘടനയ്ക്കു പ്രതിഫലത്തുക മുഴുവനായി കൈമാറുമെന്ന് താരം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കായിക വിനോദങ്ങള്‍ സംഘടിപ്പിക്കുന്ന സംഘടനയാണ് പ്രിയേഴ്‌സ് ദെ കോര്‍ഡീസ്. ഈ ലോകകപ്പില്‍ ഏറ്റവും മികച്ച യുവതാരമായ തിരഞ്ഞെടുക്കപ്പെട്ട എംബാപ്പെ നാല് ഗോളുകളാണ് വലയിലാക്കിയത്. പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന കൗമാരക്കാരന്‍ കൂടിയായ താരത്തിന്റെ ഇൗ തീരുമാനം ഫുട്ബോൾ ആരാധകരുടെ മാത്രമല്ല ലോകത്തിന്റെ നിറകയ്യടി സ്വന്തമാക്കിയിരിക്കുകയാണ്.