ഇരട്ടക്കുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും ഒന്നും അപൂർവകാര്യമല്ല. എന്നാൽ ഒരേ വയറ്റിലെ രണ്ട് ഗർഭപാത്രങ്ങളിൽ കുഞ്ഞുങ്ങളെ വഹിക്കുന്നതും ഒരേസമയം പ്രസവിക്കുന്നതും അപൂർവ്വങ്ങളിൽ അപൂർവമാണ്. ലണ്ടൻ സ്വദേശി ജെന്നിഫർ ആഷ്വുഡാണ് രണ്ട് ഗർഭപാത്രത്തിലൂടെ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. വൈദ്യശാസ്ത്രത്തിന് പോലും ഈ പ്രസവം അൽഭുതമായി മാറി. പ്രമുഖ രാജ്യാന്തര മാധ്യമമായ ഡെയ്ലി മെയില്‍ ആണ് ഈ അത്യപൂര്‍വത റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് ഗർഭപാത്രമുള്ള സ്ത്രീകൾക്ക് ഒന്നിൽ മാത്രമേ ഗർഭം ധരിക്കാന്‍ സാധിക്കുകയുള്ളു. എന്നാൽ ജെന്നിഫർ ഒരേ സമയം രണ്ട് ഗർഭപാത്രങ്ങളിലുമായി രണ്ട് ജീവനാണ് വഹിച്ചത്. ഇത്തരത്തിലുള്ള സംഭവം ലോകത്തിൽ ഇതുവരെ നൂറിൽ കുറവ് മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തനിക്ക് രണ്ട് ഗർഭപാത്രങ്ങളുണ്ടെന്നും അതിൽ ഒരോന്നിലും കുട്ടികൾ വളരുന്നുണ്ടെന്നും ഡോക്ടർമാർ വെളിപ്പെടുത്തിയപ്പോൾ അൽഭുതപ്പെട്ടുപോയി എന്നാണ് ജെന്നിഫറും ഭർത്താവ് ആൻഡ്രുവും പറയുന്നത്.
31-കാരിയായ ജെന്നിഫറിന്റെ ആദ്യത്തെ കുട്ടിക്ക് എട്ട് വയസുണ്ട്. മില്ലി എന്ന ഈ കുട്ടിയെ ഗർഭിണിയായിരിക്കുമ്പോൾ രണ്ട് ഗർഭപാത്രമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ജെന്നിഫർ പറയുന്നത്. പിരാൻ, പോപ്പി എന്നാണ് ഇവർക്ക് പേരിട്ടിരിക്കുന്നത്. രണ്ട് കുരുന്നുകളെയും മാറി മാറി സ്നേഹിക്കുന്ന തിരക്കിലാണ് ഈ മാതാപിതാക്കൾ ഇപ്പോൾ.