മലവെള്ളം ഉയിരെടുത്ത സഹോദരങ്ങൾക്കു വേണ്ടിയുള്ള ഉറ്റവരുടെ കാത്തിരിപ്പ് മൂന്നുനാൾ പിന്നിട്ടു. ഉരുൾപൊട്ടി ചിന്നിച്ചിതറിയ പുരയിടവും വീടിരുന്ന ഭാഗവും ഉഴുതുമറിച്ചു പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ മലവെള്ളം കുത്തിയൊലിച്ച് ഒഴുകിയിറങ്ങിയ കുത്തുങ്കൽ തോട്ടിൽ നിന്ന് ഇന്നലെ വൈകിട്ടു കാൽപാദം കണ്ടെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ മുരിക്കാശ്ശേരി രാജപുരത്തിനടുത്തു കരിമ്പനപ്പടിയിൽ ഉരുൾ പൊട്ടി കാണാതായ കുടുംബത്തിലെ സഹോദരങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലാണ് അനിശ്ചിതമായി നീളുന്നത്.
കരികുളത്തു രാജൻ (56), സഹോദരി ഉഷ (48) എന്നിവരെയാണ് ഇനിയും കണ്ടുകിട്ടാത്തത്. ഇവരുടെ അമ്മ മീനാക്ഷിയുടെ മൃതദേഹം വ്യാഴാഴ്ച തന്നെ വീടിരുന്ന സ്ഥലത്തിനു സമീപത്തു കണ്ടെത്തിയിരുന്നു. കുത്തുങ്കൽ തോട്ടിൽ നിന്നു പുരുഷന്റേതെന്നു കരുതുന്ന കാൽപാദം ഇന്നലെ കണ്ടുകിട്ടിയ സ്ഥിതിക്കു കാണാതായവരുടെ ശരീരം ഇവിടെ നിന്നു നൂറു മീറ്റർ ദൂരെയൊഴുകുന്ന പെരിയാറിൽ എത്തിയിരിക്കാമെന്നാണു രക്ഷാപ്രവർത്തകർ കരുതുന്നത്.
ചെറുതോണി അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തിയിരിക്കുന്നതിനാൽ ഇവിടെ ശരീരഭാഗങ്ങൾ എത്തിപ്പെട്ടാൽ ഇനി എവിടെപ്പോയി തിരയുമെന്ന ആശങ്കയിലാണ് ഇവർ. രാജപുരത്തെ പ്രധാന റോഡിൽ നിന്നു 400 മീറ്റർ താഴ്ചയിലുള്ള വീട്ടിലേക്ക് ഉരുൾ പൊട്ടിയിറങ്ങിയപ്പോൾ കൂറ്റൻ പാറക്കല്ലുകൾ ഇതിനൊപ്പം എത്തിയിരുന്നു. വീടു നാമാവശേഷമാക്കി കടന്നുപോയ ഉരുൾപൊട്ടൽ കൃഷിയിടവും തരിപ്പണമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ കാണാതായവരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറി പോയിരിക്കാമെന്നാണു നിഗമനം. ഇനിയും വീടിരുന്ന സ്ഥലത്തു പരിശോധന നടത്തിയിട്ടു കാര്യമില്ലെന്നും ഇവർ പറയുന്നു. നാട്ടുകാരായ ഒരു സംഘം യുവാക്കളും റവന്യു, പൊലീസ് അധികൃതരുമാണു നേതൃത്വംനൽകുന്നത്. ഇതിനു പുറമേ ദേശീയ ദുരന്തനിവാരണ പ്രതികരണ സമിതിയിലെ പത്ത് അംഗങ്ങളും രണ്ടുദിവസമായി രാജപുരത്തുണ്ട്.