mohanan-fb-post

ദൈവം തെരുവിൽ അലയുന്നു എന്ന്  പറയുന്നതിന് തുല്യമാണ്  ഇൗ അനുഭവക്കുറിപ്പ്. മഹാപ്രളയത്തിന്റെ മുറിവുണക്കാൻ പെടാപ്പാട് പെടുന്ന കേരളത്തിന്റെ മനഃസാക്ഷി തൊടുകയാണ് മോഹനൻ എന്ന സാധാരണക്കാരിൽ‌ സാധാരണക്കാരൻ. സോഷ്യൽ ലോകത്ത് ഒട്ടേറെ പേർ വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്തു ഈ മനുഷ്യന്റെ നൻമ. ഇയാളുടെ വേഷത്തിലും രൂപത്തിലും ചിലരുടെ മനസിൽ തോന്നിയ അറപ്പുകളെയും വെറുപ്പുകളും ഇൗ മനുഷ്യൻ കേവലം ചില്ലറ തുട്ടുകൾ കൊണ്ട് തുടച്ചുമാറ്റി.

തെരുവിൽ ഭിക്ഷയെടുക്കുന്ന മോഹനൻ എന്ന പഴയ ആനക്കാരൻ ഇൗരാറ്റുപേട്ട മുൻ മുൻസിപ്പൽ ചെയർമാൻ ടി.എം.റഷീദിന്റെ വീട്ടിലേക്കാണ് ചെന്നത്. അതും നാലുകിലോ മീറ്റോളം നടന്ന്. പൂഞ്ഞാർ കല്ലേക്കുളം സ്വദേശിയാണ് മോഹനൻ. വർഷങ്ങൾക്ക് മുൻപ് ആന വട്ട കൊണ്ട് കാലിൽ അടിച്ചതോടെ ഒരു കാലിന് സ്വാധീനവും ഇല്ലാതായി. എങ്കിലും പത്രം കൃത്യമായി വായിക്കാൻ ഇൗ മനുഷ്യൻ ശ്രമിക്കും. അങ്ങനെയാണ് കേരളത്തെ നടുക്കുന്ന മഹാപ്രളയത്തിന്റെ തീവ്രത മോഹനൻ തിരിച്ചറിയുന്നത്. 

 

ടി.എം.റഷീദിന്റെ വീട്ടിലെത്തിയ മോഹനന് ഇരുപത് രൂപ റഷീദ് ആദ്യം നൽകി. എന്നാൽ പണത്തിനായി കൈനീട്ടാനായിരുന്നില്ല അയാൾ നടന്നെത്തിയത്. ആ വീടിന്റെ പടിയിലിരുന്നു കയ്യിൽ കരുതിയ മുഷിഞ്ഞ നോട്ടുകളും ചില്ലറകളും അയാൾ എണ്ണി തിട്ടപ്പെടുത്തി. 94 രൂപയോളം അതിൽ ഉണ്ടായിരുന്നു. ആ ചില്ലറ തുകകൾ റഷീദിന് നൽകി അയാൾ പറഞ്ഞു. ഇത് മുഖ്യമന്ത്രി സാറിന്റെ ദുരിതാശ്വാസ ഫണ്ടിേലക്ക് കൊടുക്കണം. എനിക്ക് അറിയില്ല എങ്ങനെയാ പണം നൽകേണ്ടതെന്ന്. സാർ ചെയ്താ മതി. ഇത്രയും പറഞ്ഞ് അയാൾ ആ വീടിന്റെ പടിക്കെട്ടിറങ്ങി വടിയും കുത്തി നടന്നകന്നു. 

 

ജീവിതത്തിലുണ്ടായ പരുക്ക് ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ചെങ്കിലും ആ മനസിന്റെ വലിപ്പം എത്രയോ വലുതാണെന്ന് ആ ചില്ലറത്തുട്ട് കയ്യിൽ പിടിച്ച് കൊണ്ട് ഒാർത്തുപോയെന്ന് റഷീദ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ഉടൻ തന്നെ ആ തുക കൈമാറിയെന്നും. മോഹനൻ പകർന്ന ഉൗർജം നാടിന് മാതൃകയാകാൻ വേണ്ടിയാണ് അത് ഫെയ്സ്ബുക്കിൽ കുറിച്ചതെന്നും റഷീദ് പറയുന്നു. ‘ഇടനെഞ്ചിൽ ഒരു ആന്തൽ സമ്മാനിച്ച്’ അയാൾ ആ വീടിന്റെ പടിക്കെട്ടിറങ്ങുമ്പോൾ ആ അനുഭവക്കുറിപ്പ് വായിക്കുന്നവരുടെ ഉള്ളിലും അതിജീവനത്തിന്റെ  മഹാപ്രളയമായി പടരുകയാണ്.  

 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം. 

 

ഈ തുട്ടുകൾ,,,

മുഖ്യമന്ത്രിയെ 

ഏല്പിക്കാൻ 

എന്റെ വീടുതേടി 

വന്നു ,,,അതും 4 കിലോമീറ്റർ 

വടിയും കുത്തി നടന്നു ,,

ഈ മനുഷ്യൻ ,,

എണ്ണാൻ തുടങ്ങി ,,,,

എന്താ ചെയ്യേണ്ടത് 

എന്നു ഒരു എത്തും പിടിയും 

കിട്ടിയതെ ഇല്ല ,,,

നമ്മളൊക്കെ എന്തു ,,,

ഇടനെഞ്ചിൽ ഒരു ആന്തൽ 

സമ്മാനിച്ച് ,,

പടി ഇറങ്ങി പോയി ,,

ആ പഴയ ആനക്കാരൻ ,,,

94 രൂപ വെച്ചിട്ടുപോയി ,

പൂഞ്ഞാർ കാരൻ മോഹനൻ ചേട്ടൻ 

ആന വക്കയ്ക്കു അടിച്ചു 

കാൽ തളർത്തി ,,,

ചികിൽസിച്ചു തളർന്നു !!

oh അല്ലാഹ്

ആ കണ്ണുകളിലെ തിളക്കം കണ്ടോ