നാട്ടില്‍ കൗതുകത്തിന് ഉണ്ടാക്കിയ കിണ്ടിയുടെ രൂപത്തിലുള്ള കിണർ ഒരു നാടിന്റെ മുഴുവൻ ദാഹമകറ്റി. പ്രളയകാലത്ത് കുത്തിയതോടിന് കുടിവെള്ളമേകിയ കിണ്ടിക്കിണർ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
കുത്തിയതോട് പ്രദേശത്ത് മലിന ജലം നിറഞ്ഞപ്പോൾ ശുദ്ധമായ കുടിവെള്ളം നാട്ടുകാർക്ക് നൽകിയത് കിണ്ടിയുടെ രൂപത്തിലുള്ള ഈ കിണറായിരുന്നു. എം.ജെ.വിൽസൻ മണവാളന്‍റെ വീട്ടിലാണ് ശുദ്ധജലം സംഭരിച്ചിരിക്കുന്ന ഈ കിണറുള്ളത്. പത്തടി ഉയരവും ആറടി വ്യാസവുമാണ് ഇതിനുള്ളത്. വീട്ടുമുറ്റത്തെ കിണറിനെ സംരക്ഷിക്കാനാണ് ‘കിണ്ടി’യുടെ രൂപത്തിൽ ചുറ്റുമതിൽ പണിയിച്ചത്.
വെള്ളപ്പൊക്കത്തില്‍ പത്തടിയുള്ള കിണ്ടിയുടെ 9 അടി വരെ മലിനജലം വന്നു. എന്നാല്‍ അകത്തേക്ക് കയറിയില്ല. അഞ്ചു വര്‍ഷം മുന്‍പ് വീട് പണിതപ്പോഴാണ് കിണറിന് മീതെ കോൺക്രീറ്റില്‍ വിൽസൻ ഈ കിണ്ടി നിര്‍മ്മിച്ചത്. വിൽസന്റെ അച്ഛന്റെ ഓർമയ്ക്കായിട്ടാണ് ഇത്തരമൊരു നിർമിതി. അച്ഛനുണ്ടായിരുന്ന കാലത്ത് കിണ്ടിയിൽ നിന്നും വെള്ളമെടുത്ത് കാൽകഴുകിയ ശേഷം മാത്രമേ വീടിനകത്ത് പ്രവേശിച്ചിരുന്നുള്ളൂ. കിണർ പണിതപ്പോൾ അച്ഛൻ പണ്ട് ഉപയോഗിച്ച കിണ്ടിയാണ് ഓർമവന്നത്. കിണറിനും ഇതേ ആകൃതി നൽകുകയായിരുന്നു.
പ്രളയം മൂലം സമീപത്തെ വീടുകളിലും കിണറുകളിലും ചെളിവെള്ളം കയറിയപ്പോൾ ആളുകള്‍ വഞ്ചിയിൽ പാത്രങ്ങളുമായെത്തി ഏണി വച്ച് കയറിയാണ് 'കിണ്ടി'യിൽ നിന്ന് വെള്ളമെടുത്തിരുന്നത്. ആ ദിവസങ്ങളിൽ വില്‍സന്‍റെ വീടിന്‍റെ മൂന്നാം നിലയിൽ വരെ ആളുകൾ അഭയം തേടിയിരുന്നു. അഭയം തേടിയ 40 പേർക്കും ആശ്രയമായത് കിണ്ടിക്കിണറിലെ വെള്ളമാണ്.