കവിത കോപ്പിയടിച്ചെന്ന ആരോപണത്തിൽ ദീപാ നിശാന്ത് എസ് കലേഷിനോട് മാപ്പുപറയണമെന്ന് സാഹിത്യകാരൻ എൻ എസ് മാധവൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശം.
കണകുണ പറയാതെ ദീപാ നിശാന്ത് കലേഷിനോട് മാപ്പ് പറയണം, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അങ്ങനെയിരിക്കെ, വര്‍ഷങ്ങള്‍ക്ക് ശേഷം പെട്ടെന്ന് പൊലിഞ്ഞുപോകും ഞാന്‍ – എന്ന് തുടങ്ങുന്ന കവിത ദീപാ നിശാന്ത് അതേപടി പകര്‍ത്തിയെന്നാണ് ആരോപണം. 2011ല്‍ എസ്.കലേഷ് ബ്ലോഗില്‍ എഴുതിയ, "അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍ നീ " എന്ന കവിത, അങ്ങനെയിരിക്കെ എന്ന പേരില്‍ അധ്യാപക സംഘടനയുടെ മാഗസിനില്‍ ദീപാനിശാന്ത് തന്‍റേതായി പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. . എസ്. കലേഷിന്‍റെ ശബ്ദമഹാസമുദ്രം എന്ന കവിതാസമാഹാരത്തില്‍ ഉള്ള ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യന്‍ ലിറ്ററേച്ചറിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോയിലടക്കം കലേഷ് അവതരിപ്പിച്ച കവിതയുമാണിത്.
എന്നാല്‍ കവിത മോഷ്ടിച്ചതല്ലെന്നും വരികള്‍ ഒന്നായതിന്‍റെ കാരണം ഉടന്‍ വെളിപ്പെടുത്തുമെന്നും ദീപാനിശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു. കവിത മോഷ്ടിച്ച് പ്രശസ്തയാകേണ്ട കാര്യമില്ല. നവ മാധ്യമങ്ങളിലേത് വ്യക്തിപരമായ ആക്രമണമാണെന്നും അവജ്ഞയോടെ തള്ളുന്നുവെന്നുമായിരുന്നു ദീപയുടെ പ്രതികരണം.
ദീപാ നിശാന്തിന്‍റെ ന്യായീകരണം ഞെട്ടിച്ചെന്നായിരുന്നു കലേഷിന്‍റെ പ്രതികരണം. മറ്റാരോ അവരുടേ പേരില്‍ പ്രസിദ്ധീകരിച്ച് ചതിച്ചെന്നാണ് കരുതിയത് എന്നാല്‍ ന്യായീകരിച്ച് രംഗത്തെത്തിയപ്പോള്‍ വിഷമമുണ്ടായി.
എസ്. കലേഷ് 2011 ല്‍ ബ്ലോഗിലെഴുതിയ കവിതയുടെ മൂന്നു വരികള്‍ മാത്രമൊഴിവാക്കി പദാനുപദം കവിത അതേപോലെ ദീപാനിശാന്തിന്‍റെ പേരില്‍ ചിത്രമടക്കമാണ് പ്രസിദ്ധപ്പെടുത്തിയത്.