ദേവ് മിശ്രയെന്ന ഈ ചെറുപ്പക്കാരനെ നിങ്ങളിൽ ചിലർക്കെങ്കിലും പരിചയമുണ്ടാകും. ഇന്ത്യാസ് ഗോട്ട് ടാലൻറ് (India's Got Talent) എന്ന റിയാലിറ്റി ഷോയിലൂടെ. ആ മൂൺവാക്ക് വിധികർത്താക്കളെ മാത്രമല്ല, കണ്ടിരുന്ന പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകും. അത് കാൽവിരുതല്ല, കൈവിരുതായിരുന്നു.
രണ്ടു ട്രെയിനുകളാണ് ഈ ബീഹാറുകാരൻറെ ദേഹത്തുകൂടി കയറിയിറങ്ങിപ്പോയത്. എന്നാൽ നഷ്ടപ്പെട്ട കാലുകളെയോർത്ത് ദേവ് ദു:ഖിക്കാറില്ല. ദേവിന്‍റെ നൃത്തം മാത്രമല്ല, ആ ജീവിതകഥയും ആരെയും ആകർഷിക്കും.
കുടുംബത്തിലെ മൂന്നു മക്കളിൽ ഇളയവനാണു ദേവ്. ആറുമാസം പ്രായമുള്ളപ്പോൾ പിതാവ് മരിച്ചു. രാപ്പകൽ വ്യത്യാസമില്ലാതെ കൂലിവേലകൾ ചെയ്താണ് അമ്മ കുടുംബത്തെ പോറ്റിയിരുന്നത്. 10 വയസായപ്പോൾ മുതൽ അമ്മയെ സഹായിക്കാൻ ദേവ് ചെറിയ ജോലികൾ ചെയ്തു തുടങ്ങി. അതെങ്ങുമെത്തില്ലായിരുന്നു. പിന്നീട് സ്കൂൾ പഠനം പോലും ഉപേക്ഷിച്ച് ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി.
വെൽഡിങ്ങ് ജോലിക്കായി ഹൈദരാബാദിലേക്കു പോകാൻ ട്രെയിൻ കാത്തു നിൽക്കുമ്പോഴാണ് ആ സംഭവം. അന്ന് ദേവിന് പ്രായം 22. ട്രെയിനിൽ കയറിക്കൂടാൻ ആളുകളുടെ വലിയ തിക്കും തിരക്കും. ഇതിനിടയിൽ പെട്ട് ദേവ് റെയിൽവേ ട്രാക്കിലേക്കു വീണു. അപ്പൊഴേക്കും ട്രെയിൻ അടുത്തെത്തിയരുന്നു. യാതൊന്നും ചെയ്യാൻ നിവൃത്തിയില്ലായിരുന്നു. ആദ്യത്തെ ട്രെയിൻ പാസ് ചെയ്തതിനു തൊട്ടുപിന്നാലെ രണ്ടാമത്തേതുമെത്തി. രണ്ടും ദേഹത്തു കയറിയിറങ്ങി. അവിടെ കിടന്നു നിലവിളിച്ചപ്പോൾ സഹായത്തിന് ആരുമെത്തിയില്ല. ചിലർ അവന്‍റെ ചിത്രങ്ങളെടുത്തു. ജീവിതത്തിൽ അത്രത്തോളം നിസഹായനായ മറ്റൊരു സന്ദർഭമില്ലെന്ന് അവൻ ഓർമിക്കുന്നു.
അതേ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന ദേവിൻറെ സുഹൃത്ത് എത്തിയ ശേഷമാണ് ആശുപത്രിയിൽ എത്തിക്കാനായത്. ഒരു മാസത്തോളം ആശുപത്രിയിൽ. ഡോക്ടർമാരെ പോലും അമ്പരപ്പിച്ചു കൊണ്ടാണ് അവൻ ജീവിതത്തിലേക്ക് തിരികെയെത്തിയത്. ആശുപത്രിയിലും വീട്ടിലും പരിചരിക്കാൻ അമ്മ എപ്പോഴും ഒപ്പമുണ്ടായിരുന്നു.
പക്ഷേ വേദനിപ്പിച്ചത് മൂന്ന സഹോദരൻറെ സമീപനമാണ്. ജോലി ചെയ്തു കിട്ടുന്ന പണം അദ്ദേഹത്തെയായിരുന്നു താൻ ഏൽപിച്ചിരുന്നതെന്ന് ദേവ് പറയുന്നു. എന്നാൽ അപകടമുണ്ടായതിനു ശേഷം ഏറ്റവുമധികം വേദനിപ്പിച്ചതും അദ്ദേഹത്തിൻറെ വാക്കുകളാണ്. മരിച്ചാലും ജീവിച്ചാലും ഇനി നിന്നെക്കൊണ്ട് ഒന്നിനും ഉപകരിക്കില്ല, നിന്നെ നോക്കാനാവില്ല എന്നു പറഞ്ഞാണ് മൂത്ത സഹോദരനും ഭാര്യയും വീടു വിട്ടത്. അമ്മയെ ഉപേക്ഷിച്ചു പോയതിലാണ് തനിക്കേറ്റവും വേദനയെന്ന് ദേവ് പറയുന്നു.
കൃത്രിമക്കാൽ വെക്കാനാകുമോ എന്നന്വേഷിച്ച് ആശുപത്രികൾ പലതും കയറിയിറങ്ങി. അത് സാധ്യമല്ലെന്നറിഞ്ഞതോടെ മുംബൈക്ക് വണ്ടി കയറി. കയ്യിലിഴഞ്ഞും ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചും മഹാനഗരത്തിലെ ജീവിതം. ഒരു ജോലി നൽകാൻ ആരും തയ്യാറായില്ല.
സൽമാൻ ഖാനെ കാണണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അദ്ദേഹത്തിൻറെ ആരാധകനായതു കൊണ്ടല്ല, കുട്ടികളെയും സഹായമാവശ്യമുള്ളവരെയും അദ്ദേഹം പരിഗണിക്കാറുണ്ടെന്ന് അറിയാമായിരുന്നു. ഒരു മാസത്തോളം സൽമാൻ ഖാനെ കാണാൻ അദ്ദേഹത്തിൻറെ വീടിനു മുന്നിൽ കാത്തിരുന്നു, മഴയും വെയിലുമൊക്കെ കൊണ്ടു. അദ്ദേഹം അവിടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
പിന്നീട് ജാക്കി ഷെറോഫിനെയും ടൈഗർ ഷെറോഫിനെയും കാണാനെത്തി. ജാക്കി ഷെറോഫ് 5000 രൂപ നൽകി. എന്തെങ്കിലും ജോലി നോക്കാമെന്നും പറഞ്ഞു. പിന്നെയും ഒരുപാട് താരങ്ങളുടെ വീടിനു മുന്നിൽ അവരെ കാത്തിരുന്നു, അക്ഷയ് കുമാറിൻറേതുൾപ്പെടെ.
ജ്വല്ലറി ഡിസൈനറായ ഫറാ ഖാൻ അലിയെ കണ്ടതാണ് ജീവിതം മാറ്റിമറിച്ചത്. ദേവിന്‍റെ അവസ്ഥയറിഞ്ഞ ഫറാ ഖാൻ അവന് ഒരു മുച്ചക്രവാഹനം സംഘടിപ്പിച്ചു നൽകി. ചെലവിന് 10,000 രൂപയും താമസിക്കാൻ സ്ഥലവും കണ്ടെത്തി. പിന്നീട് ദേവിൻറെ സംരക്ഷണച്ചുമതല ഏറ്റെടുത്തു. അവരൊരു മാലാഖയാണെന്ന് ദേവ് പറയുന്നു.
വിശാൽ പാസ്വാൻ എന്ന ഡാൻസ് മാസ്റ്ററാണ് നൃത്തം പരിശീലിപ്പിച്ചത്, ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ. ക്രമേണ അവൻ പല സ്റ്റേജ് ഷോകളിലും നൃത്തം ചെയ്യാൻ തുടങ്ങി. അങ്ങനെ ഇന്ത്യാസ് ഗോട്ട് ടാലൻറ് എന്ന റിയാലിറ്റി ഷോയിലുമെത്തി. രണ്ടാമത്തെ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ദേവുമുണ്ട്. അടുത്ത ഫെബ്രുവരിയിൽ 12-ാം ക്ലാസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലുമാണ്. ടെലിവിഷനിൽ നൃത്തം കണ്ട് ഉപേക്ഷിച്ചുപോയ സഹോദരൻ വിളിച്ചു, ആശംസകൾ നേർന്നു.
ഇനിയും സൽമാൻ ഖാനെ കാണാൻ പോകുമോ എന്ന ചോദിക്കുമ്പോള്‍ ദേവിൻറെ മറുപടിയിങ്ങനെ: ''ഞാൻ പോകില്ല. അദ്ദേഹമിങ്ങോട്ടു വരും, എൻറെ കഥ കേൾക്കും. ജീവിതത്തിൽ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാൻ ഞാനാഗ്രഹിക്കുന്നു''....