സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭാ വാര്‍ഡിന് ബ്രാന്‍ഡ് അംബാസിഡര്‍. നിരന്തരം പുതുമകള്‍ പരീക്ഷിക്കുന്ന തിരുവനന്തപുരത്തെ കുന്നുകുഴി വാര്‍ഡിലാണ് ഗായകന്‍ ജാസി ഗിഫ്റ്റ് ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നത്. സംസ്ഥാനത്തെ ആദ്യ ഹരിത വാര്‍ഡാകാനുള്ള ഒരുക്കങ്ങള്‍ക്ക് ഊര്‍ജം പകരുകയാണ് ലക്ഷ്യം.
ഹരിതകേരളം മിഷനുമായി ചേര്‍ന്ന് കുന്നുകുഴിയെ ഹരിതവാര്‍ഡാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ജാസി ഗിഫ്റ്റും ഒപ്പം ചേരുന്നത്. വാര്‍ഡില്‍ വിവിധ സ്കൂളുകളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ സംഘടിപ്പിച്ച ക്യാംപിന്റെ സമാപനത്തിലായിരുന്നു പ്രഖ്യാപനം.
വാര്‍ഡിലെ പ്രധാന സ്ഥലങ്ങളെല്ലാം ഹരിതമൂലകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്ഥാപനങ്ങള്‍, വീടുകള്‍, വിദ്യാഭ്യാസകേന്ദ്രങ്ങള്‍ എന്നിവയുടെ മതിലുകളും ആകര്‍ഷകമാക്കി. പദ്ധതിയുമായി സഹകരിക്കുന്നതില്‍ ജാസി ഗിഫ്റ്റിനും അഭിമാനം.പ്രദേശവാസികള്‍ക്കൊപ്പം 350ഓളം വിദ്യാര്‍ഥികളും ഹരിതവാർഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളികളാണ്.