vasuki-ias

പൊതുപരിപാടിയിൽ പങ്കെടുക്കാൻ മറ്റൊരാളുപയോഗിച്ച സാരിയുടുത്തെത്തിയ കലക്ടർ വസുകിക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. ഇപ്പോഴിതാ ആ സാരിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. വർക്കല മുനിസിപ്പാലിറ്റിയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ നിന്ന് വാങ്ങിയ സാരിയാണ് വസ്ത്രങ്ങളുടെ പുനരുപയോഗം എന്ന സന്ദേശം നൽകുന്നതിനായി കലക്ടർ ധരിച്ചത്. 50 രൂപ വിലയ്ക്കാണ് കലക്ടർ ആ സാരി അവിടെനിന്ന് വാങ്ങിയത്.

 

ഓൾഡ് ഈസ് ഫാഷനബിൾ എന്ന്  ഡോ. കെ.വാസുകി പറഞ്ഞപ്പോൾ രണ്ടു രീതിയിലുള്ള പ്രതികരണമുണ്ടായിരുന്നു. ചിലര്‍ കയ്യടിച്ചു, മറ്റുചിലര്‍ വിമര്‍ശിച്ചു. മാറിയുടുക്കാൻ പുതിയതല്ല, പഴയതു കിട്ടിയാലും ആർഭാടമാകുന്ന കയ്പുള്ള കാലമാണ് പലരും ഓർത്തെടുത്തത്. യൂണിഫോം അല്ലാതെ കളർ ഡ്രസ് അനുവദിക്കുന്ന ദിവസങ്ങളിൽ സ്കൂളില്‍ പോകാൻ മടിച്ചത്, ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് അമ്മ കൊണ്ടുവരുന്ന പഴയ വസ്ത്രങ്ങൾ മാത്രം മാറിമാറി ധരിച്ചത്, അതിന്റെ പേരിൽ പലയിടത്തും മാറ്റിനിർത്തപ്പെട്ടത്, അങ്ങനെ ‘സോഷ്യൽ സ്റ്റിഗ്‌മ’യെന്ന അപമാനത്തിന്റെ തീച്ചൂളയിൽ നിൽക്കേണ്ടിവന്നവർ ഏറെയുണ്ട്. പ്രിവിലേജ് ഉള്ളവർക്കു മാത്രമാണ്, പഴയ വസ്ത്രങ്ങളിലും ഫാഷനും പുതുമയും അവകാശപ്പെടാനാകൂ എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 

collector-vasuki

 

സാരി ഉടുത്തതിനു ശേഷം അന്ന് കലക്ടർ പറഞ്ഞത് ഇങ്ങനെ: മറ്റുള്ളവർ ഉപയോഗിച്ച സാരി ഉപയോഗിക്കുന്നതിൽ തനിക്ക് അപമാനമൊന്നും തോന്നുന്നില്ല. പഴയത് ഫാഷനബിൾ ആണ്. ഞാനുടുത്തിരിക്കുന്ന ഇൗ സാരിക്ക് നല്ല ലൈഫുണ്ട്. പെട്ടെന്നൊന്നും ഇത് മോശമാകില്ല. ഒരു 15 വർഷമെങ്കിലും ഇൗ സാരി എന്നോടൊപ്പമുണ്ടാകും. കലക്ടർ വസുകി പറഞ്ഞു. സാരിലഭിച്ചപ്പോഴേ ഇൗസാരി ഉടുക്കുമെന്ന് താൻ പറഞ്ഞിരുന്നതായും കലക്ടർ പറയുന്നു.

 

മറ്റുള്ളവർ ഉടുത്ത സാരി ഞാൻ ഉടുക്കുന്നതിൽ എനിക്ക് വിഷമമൊന്നുമില്ല, സങ്കോചവുമില്ല. മറ്റുള്ളവർ ഉപേക്ഷിച്ചതാണെങ്കിലും അത് എത്രത്തോളം ഉപയോഗിക്കാമോ അത്രയും കാലം ഞാൻ ഉപയോഗിക്കുകതന്നെ ചെയ്യും ''. വർക്കലയിൽ ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീൻപ്രൊട്ടോക്കോളിന്റെ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോകവേയാണ് കലക്ടർ വസുകി ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇത് വ്യക്തമാക്കിയത്