anmol

അമ്മയെ അച്ഛൻ ആസിഡൊഴിച്ച് പൊള്ളിക്കുമ്പോൾ അന്‍മോൾക്ക് 2 മാസം മാത്രമാണ് വളര്‍ച്ച. അന്ന് അമ്മയുടെ മടയിലിരിക്കുകയായിരുന്നു അവൾ. അമ്മ മരിച്ചു, അച്ഛൻ ജയിലിലായി. എന്താണ് അതു ചെയ്യാൻ അച്ഛനെ പ്രേരിപ്പിച്ചതെന്ന് ഇന്നും അവൾക്ക് അറിയില്ല. പക്ഷേ അതിജീവനത്തിൻറെ വലിയൊരു കഥ അൻമോൾ എന്ന് ഈ മുംബൈക്കാരിക്ക് പറയാനുണ്ട്.

5 വയസുവരെ മുംബൈയിലെ ഒരു ആശുപത്രിയായിരുന്നു അൻമോളുടെ വീട്. സ്വന്തം കുഞ്ഞിനെയെന്നപോലെയാണ് ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും തന്നെ പരിചരിച്ചതെന്നു പറയുന്നു ഈ 23 കാരി. അവളുടെ ഉത്തരവാദിത്തമേറ്റെടുക്കാൻ ബന്ധുക്കളാരുമുണ്ടായിരുന്നില്ല. മാതാപിതാക്കളുടെ സ്ഥാനത്തു നിന്ന് പരിചരിച്ചത് ഡോക്ടർമാരും നേഴ്്്സുമാരുമാണ്.

അഞ്ചു വയസായപ്പോൾ ആശുപത്രി അധികാരികൾ അൻമോളെ ഒരു അനാഥാലയത്തിനു കൈമാറി. സോഫ്റ്റ്‍വെയർ ഡെവലപ്പർ ആകണമെന്നായിരുന്നു ആഗ്രഹം. സ്കൂള്‍ പഠത്തിനു ശേഷം മുംബൈയിലെ എസ്എൻഡിറ്റി യൂണിവേഴ്സിറ്റിയ‌ിൽ ബിസിഎ ക്കു ചേർന്നു. പഠനത്തിനുശേഷം ആഗ്രഹിച്ചതു പോലെ തന്നെ ജോലിയിൽ പ്രവേശിച്ചു. പക്ഷേ ദിവസങ്ങൾക്കുള്ളിൽ കമ്പനി അൻമോളെ പറഞ്ഞുവിട്ടു. വികൃതമാക്കപ്പെട്ട ഒരു മുഖം അവര്‍ക്ക് കണ്ടുകൊണ്ടിരിക്കാനാവില്ലെന്നായിരുന്നു കാരണം പറഞ്ഞത്.

ഈ സംഭവത്തിനു ശേഷം മറ്റൊരിടത്തും അവൾക്ക് ജോലി കിട്ടിയില്ല. എവിടെച്ചെന്നാലും തിരസ്കരിക്കപ്പെട്ടു. എന്തുകൊണ്ടെന്ന് ആരും നേരിട്ടു പറഞ്ഞില്ലെങ്കിലും തൻറെ മുഖമാണ് കാരണമെന്ന് അവള്‍ മനസിലാക്കി. പക്ഷേ പ്രതീക്ഷ കൈവിട്ടില്ല. ചെറുപ്പം മുതലേ ഫാഷനും മോഡലിങ്ങുമൊക്കെ ഇഷ്ടമായിരുന്നു.

പതിയെപ്പതിയെ ഇൻസ്റ്റഗ്രാമിൽ അൻമോൾ പല ലുക്കിലും വേഷത്തിലുമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു തുടങ്ങി. ഇത് ചില ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധയിൽ പെടുകയും മോഡലിങ്ങിൽ അവസരം ലഭിക്കുകയും ചെയ്തു. ക്രമേണ മോഡലിങ്ങ് ചെയ്യാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചുതുടങ്ങി. ഇതിനിടെ ശബാന ആസ്മിയോടൊപ്പം ഒരു ഹ്രസ്വചിത്രത്തിലും അഭിനയിച്ചു. ആസിഡ് ആക്രമണത്തിന് ഇരകളായവർക്കു വേണ്ടി പ്രവർത്തിക്കുന്ന ആസിഡ് സർവൈവേഴ്സ് സാഹ ഫൗണ്ടേഷൻ (Acid Survivors Saahas Foundation) എന്ന എൻജിഒയുടെ ഭാഗം കൂടിയാണ് അൻമോളിന്ന്.

''ഞാനാരാണെന്ന്  തീരുമാനിക്കുന്നത്എൻറെ മുഖമല്ല. സമീപഭാവിയിൽ തന്നെ ആളുകൾ വ്യത്യസ്തമായി ചിന്തിക്കുമെന്ന് പ്രതീക്ഷിക്കാം. സംവരണം വേണമെന്നോ പ്രത്യേക ആനുകൂല്യങ്ങൾ വേണമെന്നോ ഞാൻ ആവശ്യപ്പെടുന്നില്ല. പക്ഷേ എന്നെപ്പോലെയുള്ളവരെ ആളുകൾ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഞാനെൻറെ ജീവിതം മറ്റെന്നെത്തേക്കാളും ആസ്വദിക്കുന്നുണ്ട്'', അൻമോളുടെ വാക്കുകളിൽ നിറയുന്നത് അതിജീവിച്ചവളുടെ ഊര്‍ജവും ആത്മവിശ്വാസവും.